ഇന്ധനവിലയില്‍ എരിയുന്ന ഇന്ത്യ
എണ്‍പതു ദിവസത്തെ ലോക്ക് ഡൗണ്‍ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ തുടര്‍ച്ചയായ ഏഴുദിവസവും ഇന്ധനവില വര്‍ധിപ്പിച്ച് പെട്രോളിയം കമ്പനികള്‍ സാധാരണക്കാരന്റെ ജീവിതത്തെ വരിഞ്ഞുമുറുക്കുകയാണ്. ദിനംപ്രതി 9.7 മില്യണ്‍ ബാരല്‍ എണ്ണയുല്‍പാദനം കുറയ്ക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം ജൂലൈ വരെ നീട്ടിയതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിനു 40 ഡോളറിനു മുകളിലായി. ഇതു മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. ക്രൂഡോയില്‍ വില ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലൂടെയാണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കടന്നുപോയത്. 20 ഡോളറിനു താഴെ വരെ വിലയെത്തി. എന്നാല്‍ ആനുപാതിക വിലക്കുറവ് ഉപഭോക്താവിനു നല്‍കാതെ കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. മാര്‍ച്ച് 14ന് എക്‌സൈസ് തീരുവയിനത്തില്‍ പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം വര്‍ധിപ്പിച്ചപ്പോള്‍ മെയ് ആറിനു നികുതിയിനത്തില്‍ പത്തും പതിമൂന്നും രൂപാ വീതം യഥാക്രമം വീണ്ടും ഉയര്‍ത്തി. വില കൂടുമ്പോള്‍ ഭാരം സഹിക്കുകയും വിലക്കുറവിന്റെ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്യുന്നവരായി ഇന്ത്യന്‍ ജനത മാറിക്കൊണ്ടിരിക്കുന്നുവെന്നു സാരം.
എണ്ണവില വിശേഷങ്ങള്‍
രാജ്യത്തിന്റെ എണ്ണവിപണിയുടെ 90 ശതമാനവും കൈയാളുന്നത് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ പെട്രോളിയം ഉപഭോക്താവായിട്ടാണ് ഇന്ത്യയെ കണക്കാക്കപ്പെടുന്നത്. 85 ശതമാനം പെട്രോളിയം ഉല്‍പന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. 2016-17ലെ കണക്കു പ്രകാരം ആഭ്യന്തര ഉപഭോഗത്തിന്റെ 95 ശതമാനവും ഇറക്കുമതിയാണ്. 2000-2001 കാലങ്ങളില്‍ ഇതു 75 ശതമാനമായിരുന്നു.
ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം മുന്‍കാലങ്ങളില്‍ സര്‍ക്കാരിനായിരുന്നുവെങ്കില്‍ 2010ല്‍ പെട്രോളിനും 2014 ആയതോടെ ഡീസലിനും വില വര്‍ധിപ്പിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടുനല്‍കി. 159 ലിറ്റര്‍ വരുന്ന ഒരു ബാരലിന്റെ അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി രണ്ടാഴ്ചയില്‍ ഒരിക്കലായിരുന്നു കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ വില നിശ്ചയിച്ചുപോന്നിരുന്നത്. എന്നാല്‍ 2017 ജൂണ്‍ മുതല്‍ ദിവസം പ്രതിവില നിശ്ചയിക്കുന്ന രീതിക്കു തുടക്കമായി. രാവിലെ ആറു മണിയോടെ പുതുക്കിയ വിലകള്‍ പമ്പുകളില്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിനും എല്‍.പി.ജിക്കും ഇതു ബാധകമല്ല. ഡോളറിനു മുന്നില്‍ രൂപയുടെ വിലയിടിയുന്നതും വിപണി വിലയുടെ കുതിപ്പിനു കാരണമാകുന്നുണ്ട്.
ഖജനാവ് നിറയ്ക്കാനുള്ള
എളുപ്പവഴി
കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഖജനാവ് നിറയ്ക്കാനുള്ള അക്ഷയഖനിയാണ് ഇന്ധന വിപണനരംഗം. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സാധാരണക്കാരന്റെ ദുരിതങ്ങള്‍ക്കൊപ്പം നിര്‍ബാധം അതു നടപ്പാക്കിയെടുക്കുന്നു. രാജ്യത്ത് ഒരു മാസം ശരാശരി 7.5 മില്യണ്‍ ടണ്‍ ഡീസലും 2.5 മില്യണ്‍ ടണ്‍ പെട്രോളും 2.3 മില്യണ്‍ ടണ്‍ എല്‍.പി.ജിയും വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
2019-20ലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ മൊത്തം ആഭ്യന്തര ഉപഭോഗം 214 മില്യണ്‍ ടണ്ണോളം വരും. ഇവയില്‍ നിന്നുള്ള കേന്ദ്ര നികുതി വരുമാനം 3.48 ലക്ഷം കോടിയും സംസ്ഥാനത്തിന്റെ മൊത്ത നികുതി വരുമാനം 2.27 ലക്ഷം കോടി രൂപയുമാണ്.
ഒരു രൂപ നികുതിയിനത്തില്‍ വര്‍ധിപ്പിക്കുമ്പോള്‍ 13,000-14,000 കോടിയുടെ വാര്‍ഷിക വരുമാന വര്‍ധനവാണുണ്ടാവുക. മാര്‍ച്ച്, മെയ് മാസങ്ങളിലെ വര്‍ധനവുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ 2.85 ലക്ഷം കോടിയുടെ അധികവരുമാനമുണ്ടാക്കുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ ഇന്ത്യന്‍ പൗരനും ലഭിക്കേണ്ട വിലക്കുറവ് നിഷേധിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇതു സാധ്യമാക്കുന്നത്. ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലകളിലെ 69 ശതമാനം തുകയും സര്‍ക്കാരിലേക്കുള്ള നികുതിയാണ്. ഇതോടുകൂടി പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യമായി ഇന്ത്യ മാറി. രണ്ടാം സ്ഥാനത്തുള്ള ഇറ്റലി 64 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഫ്രാന്‍സും ജര്‍മനിയും 63, ബ്രിട്ടന്‍ 62 ശതമാനവും നികുതി ചുമത്തുന്നുണ്ട്.
10 ശതമാനം എഥനോള്‍ കലര്‍ത്തിയാണ് ഇന്ത്യയില്‍ പെട്രോള്‍ വില്‍പന നടത്തുന്നത്. മികച്ച പൂരകമായ എഥനോള്‍ പക്ഷേ ഇന്ധനത്തില്‍ നേരിയ ജലാംശമെങ്കിലും കലരുന്നപക്ഷം പെട്രോളുമായി വിഘടിക്കുകയും മറ്റു തകരാറുകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. ലിറ്ററിനു 47.89 രൂപ വിലയുള്ള എഥനോളും പെട്രോളിന്റെ സമാന വിലയിലാണ് ഫലത്തില്‍ വില്‍ക്കുന്നത്.
കേന്ദ്ര നികുതിയും
സംസ്ഥാന നികുതിയും
ഒരു രാജ്യം, ഒറ്റ നികുതി മുദ്രാവാക്യവും ജി.എസ്.ടിയും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് മാത്രം ബാധകമല്ല. കാരണം വളരെ ലളിതമാണ്. രാജ്യത്തെ പരമാവധി ജി.എസ്.ടി നിരക്ക് 28 ശതമാനമാണ്. 69 ശതമാനം നികുതി ഈടാക്കുന്ന പെട്രോള്‍, ഡീസല്‍ റീട്ടെയില്‍ വിപണിയില്‍ സര്‍ക്കാരിന് ഇതേക്കുറിച്ച് ആലോചിക്കുക പോലും സാധ്യമല്ല.
എക്‌സൈസ് ഡ്യൂട്ടി, സെസ്സുകള്‍, പ്രവേശന നികുതി, റോയല്‍റ്റി, ഒക്‌ട്രോയ്, ബി.എസ് 6 പ്രീമിയം, മാര്‍ക്കറ്റിങ് ചെലവുകള്‍ തുടങ്ങിയവ ഓരോ തുള്ളിയും കണക്കാക്കി കേന്ദ്ര സര്‍ക്കാര്‍ പൊതുജനത്തില്‍നിന്ന് ഈടാക്കുന്നുണ്ട്. ഡീലര്‍ കമ്മിഷന്റെ പുറമെയാണിത് എന്നോര്‍ക്കണം. തലസ്ഥാനമായ ഡല്‍ഹിയില്‍ അടിസ്ഥാന വിലയും ഗതാഗത ചെലവുമടക്കം ഒരു ലിറ്റര്‍ പെട്രോളിനു 18.28 രൂപയും ഒരു ലിറ്റര്‍ ഡീസലിനു 18.78 രൂപയും ചെലവു വരും. യഥാക്രമം 73 രൂപയ്ക്കും 71.17 നുമാണ് റീട്ടെയിലില്‍ വില്‍ക്കുന്നത്.
എക്‌സൈസ് തീരുവയിനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിനു 32.98 രൂപയും ഡീസല്‍ ലിറ്ററിനു 31.83 രൂപയും ഈടാക്കുകയാണ്. 2014ല്‍ യു.പി.എ അധികാരം കൈമാറുമ്പോള്‍ എക്‌സൈസ് തീരുവ, ഒരു ലിറ്റര്‍ ഡീസലിനു 3.46 രൂപയും ഒരു ലിറ്റര്‍ പെട്രോളിനു 9.20 രൂപയും മാത്രമായിരുന്നു. വിലയിടിവ് മുന്‍നിര്‍ത്തി കഴിഞ്ഞ ഏപ്രില്‍, മെയ് കാലയളവില്‍ 32 മില്യണ്‍ ടണ്‍ ക്രൂഡോയിലാണ് ഇന്ത്യ അധികമായി സംഭരിച്ചത്. വില കൂടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണെന്നായിരുന്നു ന്യായം. പക്ഷേ, പിടിച്ചുനില്‍ക്കാനുള്ള അവകാശം പൊതുജനത്തിനില്ലെന്ന് വിലവര്‍ധനവിലൂടെ സര്‍ക്കാര്‍ തെളിയിച്ചു.
സംസ്ഥാനങ്ങള്‍ നിലവില്‍ ഒരു ലിറ്റര്‍ ഇന്ധനത്തില്‍നിന്ന് പരമാവധി 30 ശതമാനം വരെ വാറ്റ് ഈടാക്കുന്നുണ്ട്. 2014ലെ ശരാശരിയില്‍ സംസ്ഥാനങ്ങള്‍ ഈടാക്കിയിരുന്നത് ഡീസല്‍ ലിറ്ററിനു 12.5 ശതമാനവും പെട്രോളിനു 20 ശതമാനവുമായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി പിരിക്കുന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, കേരളം, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയവയാണ്. മേഘാലയ, ത്രിപുര, മിസോറാം, അരുണാചല്‍പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ താരതമ്യേന കുറഞ്ഞ വാറ്റ് ഈടാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയടക്കമുള്ള തുകയുടെ വാറ്റാണ് സംസ്ഥാനങ്ങള്‍ പിരിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര നികുതി നിരക്കുവര്‍ധന പരോക്ഷമായി സംസ്ഥാനങ്ങള്‍ക്കും ആനുകൂല്യം നല്‍കുന്നു.
ചില സാഹചര്യങ്ങളില്‍ കേന്ദ്ര നികുതി വര്‍ധന വഴിയുണ്ടാകുന്ന അധിക വരുമാനം സംസ്ഥാനങ്ങള്‍ വേണ്ടെന്നു വയ്ക്കാറുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ 600 കോടിയുടെ അധികവരുമാനം വേണ്ടെന്നുവച്ച് ബാധ്യതയില്‍നിന്ന് ജനങ്ങളെ ഒഴിവാക്കിയിരുന്നു. ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് രണ്ടു മുതല്‍ നാലുവരെ രൂപയും ഒരു ലിറ്റര്‍ ഡീസലില്‍നിന്ന് രണ്ടര മുതല്‍ മൂന്നു രൂപ വരെയും ഡീലര്‍ കമ്മിഷന്‍ നല്‍കിവരുന്നുണ്ട്. ഡീലര്‍ കമ്മിഷന്റെ വാറ്റും സംസ്ഥാനങ്ങള്‍ പിരിച്ചുപോരുന്നു.
പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ലോകത്ത് ഏറ്റവുമധികം നികുതി അടിച്ചേല്‍പ്പിച്ച് സ്വന്തം ജനതയെ പിഴിയുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രതിപക്ഷത്തിരുന്ന കാലത്ത് കാളവണ്ടി സമരം നയിച്ചവര്‍ ഭരണത്തിലേറിയപ്പോള്‍ ഈസ്റ്റിന്ത്യാ കമ്പനിയെ അനുസ്മരിപ്പിക്കുകയാണ്. ഇന്ത്യന്‍ വോട്ടര്‍ എന്നാല്‍ വര്‍ഗീയ വിദ്വേഷത്തിന്റെ എല്ലിന്‍കഷ്ണത്തില്‍ തളച്ചിടാന്‍ കഴിയുന്ന നിസ്സാരരും അന്തഃസാര ശൂന്യരുമാണെന്ന ആത്മവിശ്വാസമാകാം മോദി സര്‍ക്കാരിനെ നയിക്കുന്നത്. വിലക്കയറ്റവും ചൂഷണവും ഏവരെയും ബാധിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ വിവേചനപൂര്‍വം വിഭജിച്ചെടുക്കാന്‍ വേണ്ട ടൂളുകളൊന്നും നിലവില്‍ വന്നിട്ടില്ലെന്നും ഭക്തുക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."