പീഡനം: കന്യാസ്ത്രീ പരാതി നല്‍കാന്‍ വൈകിയെന്ന വാദം പൊളിയുന്നു
കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പീഡനം ആരോപിച്ച് നല്‍കിയ പരാതി കിട്ടാന്‍ വൈകിയെന്ന ജലന്ധര്‍ രൂപതയുടെ വാദം തെറ്റെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍.
കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ കൂടുതല്‍ തെളിവുകള്‍ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പീഡനത്തെക്കുറിച്ച് ജലന്ധറിലെ മദര്‍ ജനറലിന് 2017 ജനുവരിയില്‍ ആദ്യം പരാതി നല്‍കി.
തെളിവെടുപ്പിനായി ജലന്ധര്‍ രൂപതാ ചാന്‍സിലര്‍, കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍, മദര്‍ ജനറാള്‍ തുടങ്ങിയവര്‍ അന്വേഷണത്തിനായി കന്യാസ്ത്രീ താമസിച്ചിരുന്ന മഠത്തിലെത്തിയതിന്റെ തെളിവുകളാണ് പുറത്തുവിട്ടത്. രൂപതാ ചാന്‍സിലര്‍ ജോസ് തെക്കഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം ജൂണ്‍ രണ്ടിനാണ് കൊട്ടയത്തെ മഠത്തിലെത്തിയത്.
ജൂണ്‍ 30ന് പരാതിയില്‍ പരിഹാരമുണ്ടാകുമെന്ന് കന്യാസ്ത്രീക്ക് സംഘം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് നിയമനടപടികളുമായി അവര്‍ മുന്നോട്ടുപോയത്.
എന്നാല്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടു പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് കന്യാസ്ത്രീയുടെ ബന്ധു വെളിപ്പെടുത്തി. 2017 നവംബറില്‍ കര്‍ദിനാളിനെ നേരില്‍ കണ്ടിരുന്നു. കര്‍ദിനാള്‍ പറഞ്ഞതനുസരിച്ചാണ് വത്തിക്കാന്‍ പ്രതിനിധിക്കു പരാതി നല്‍കിയത്.
പീഡനത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ആദ്യം പരാതി നല്‍കിയത് താനാണെന്നും അതിനു പിന്നാലെയാണു കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കിയതെന്നുമായിരുന്നു ജലന്ധര്‍ ബിഷപ്പിന്റെ വാദം. ഇത് ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന തെളിവുകള്‍.
കന്യാസ്ത്രീയുടെ ബന്ധുക്കളുടെയും മഠത്തിനു സമീപത്തുള്ളവരുടെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ രഹസ്യ മൊഴി ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."