നെല്ലിന്റെ താങ്ങുവില 200 രൂപ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രത്തിലെയും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കി നടക്കുന്ന കര്‍ഷകപ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ മോദി സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു.
കിലോക്ക് രണ്ടുരൂപ തോതില്‍ ക്വിന്റലിന് 200 രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. പരുത്തി, പയറുവര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. ഇതുവഴി 10,000 മുതല്‍ 12,000 കോടി രൂപയുടെവരെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. മധ്യപ്രദേശ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയും ഒരുവര്‍ഷത്തിനകം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ് താങ്ങുവില വര്‍ധിപ്പിച്ചത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
നെല്ലിന്റെ താങ്ങുവിലയില്‍ 11 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ക്വിന്റലിന് 200 രൂപ അധികമായി കര്‍ഷകര്‍ക്ക് ലഭിക്കും. നിലവില്‍ 1550 രൂപയാണ് നെല്ലിന്റെ താങ്ങുവില. ആദ്യമായിട്ടാണ് ഒരു കിലോ നെല്ലിന് രണ്ടുരൂപ എന്ന നിരക്കില്‍ വില കൂട്ടുന്നത്. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സര്‍ക്കാര്‍ ഇതുപോലെ താങ്ങുവില വര്‍ധിപ്പിച്ചിരുന്നു. അന്ന് ക്വിന്റലിന് 50 രൂപ ബോണസ് ഉള്‍പ്പെടെ 155 രൂപയാണ് വര്‍ധിപ്പിച്ചത്.
ഇടത്തരം വിഭാഗത്തില്‍പെട്ട പരുത്തിയുടെ വില ക്വിന്റലിന് 1550 രൂപയായിരുന്നത് 1590 ആക്കി. പരുത്തി ലോങ്ങിന്റെ താങ്ങുവില 4320ല്‍ നിന്ന് 5450 രൂപയായും പരിപ്പിന്റെ താങ്ങുവില ക്വിന്റലിന് 5450ല്‍ നിന്ന് 5675 രൂപയായും വര്‍ധിപ്പിച്ചു. ഉഴുന്നുപരിപ്പിന് 5400ല്‍ നിന്ന് 5600 രൂപയായും കടലപ്പരിപ്പിന്റേത് 5575 രൂപയില്‍ നിന്ന് 6975 രൂപയായും വര്‍ധിപ്പിച്ചതായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
നെല്ലടക്കമുള്ള വിളകളുടെ താങ്ങുവില ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തവണ സാധാരണ നിലയിലുള്ള വര്‍ഷകാലമാണ് പ്രവചിച്ചിരിക്കുന്നത്.
ഇതോടൊപ്പം താങ്ങുവിലവര്‍ധന കൂടി ആകുമ്പോള്‍ കാര്‍ഷികോല്‍പാദനത്തില്‍ നിലവിലെ റെക്കോര്‍ഡ് മറികടക്കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 2017-18 വര്‍ഷത്തില്‍ 27.951 കോടി ടണ്‍ ഉല്‍പാദനമാണ് രേഖപ്പെടുത്തിയിരുന്നത്. ആദ്യമായാണ് ഒരുസര്‍ക്കാര്‍ ഖാരിഫ് വിളകള്‍ക്ക് ഇത്രയും വലിയ താങ്ങുവില നല്‍കുന്നതെന്ന് മന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."