HOME
DETAILS
MAL
ദിവസേന ലക്ഷം പേര്‍ക്ക് കൊവിഡ്
backup
June 15 2020 | 04:06 AM
മരണം 4,30,000 കടന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണം 4,30,000 കടന്നു. കൊവിഡ് ബാധിതര്‍ 77,87,271 ആയും ഉയര്‍ന്നു.
ദിവസേന ഒരുലക്ഷം പേര്‍ക്ക് കൊവിഡ് ബാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ജോണ്‍ ഹോകിന്‍സ് യൂനിവേഴ്‌സിറ്റി പറയുന്നു. അതേസമയം നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മാര്‍ക്കറ്റുകള്‍ തുറന്നുകൊണ്ടിരിക്കുകയാണ്. ബ്രിട്ടനില്‍ സെപ്റ്റംബറോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചു.
യു.എസ്, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ വൈറസ് വ്യാപനം അതിവേഗം നടക്കുന്നത്. 20,74,526 പേര്‍ക്ക് രോഗം ബാധിച്ച യു.എസില്‍ 1,15,400 പേര്‍ മരിച്ചിട്ടുണ്ട്. രോഗവ്യാപനത്തില്‍ ബ്രിട്ടനെ മറികടന്ന ഇന്ത്യയില്‍ 3,20,922 പേര്‍ക്ക് മഹാമാരി ബാധിച്ചിട്ടുണ്ട്. പാകിസ്താന്‍ 1,300 വൈറസ് ഹോട്ട്‌സ്‌പോട്ടുകള്‍ സീല്‍ ചെയ്തു. ഓരോ മാസവും 30 ദശലക്ഷം ടെസ്റ്റിങ് കിറ്റുകളും 10,000 വെന്റിലേറ്ററുകളും നല്‍കുമെന്ന് ചൈന ഉറപ്പുനല്‍കണമെന്ന് ആഫ്രിക്കന്‍ നേതാക്കന്മാര്‍ ആവശ്യപ്പെട്ടു. ഇതുവരെ 30 ലക്ഷം പേര്‍ക്കേ ആഫ്രിക്കയില്‍ കൊവിഡ് പരിശോധന നടത്തിയിട്ടുള്ളൂ.
അതിനിടെ കൊവിഡിന്റെ രണ്ടാം വരവെന്നു സംശയിക്കുന്ന രോഗവ്യാപനത്തില്‍ ചൈനയില്‍ 57 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 36 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചതെന്ന് ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു.
രണ്ടു മാസത്തിനിടെ ചൈനയില്‍ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ബെയ്ജിങ്ങിലെ മാംസ-പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് പൊലിസുകാരെയും അര്‍ധസൈനിക വിഭാഗത്തെയും മാര്‍ക്കറ്റിനു സമീപത്ത് വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."