കുടിവെള്ളം, സംഭാരം, നാരങ്ങാവെള്ളം... പൊരിവെയിലില്‍ ദാഹമകറ്റാം
കൊച്ചി: നട്ടുച്ച,വിയര്‍ത്തുകുളിച്ച് നടന്നു നീങ്ങുന്നവരൊക്കെ ബ്രോഡ്‌വേയിലെ സി.എസ്.ഐ ഇമ്മാനുവല്‍ കതീഡ്രലിനുമുന്നിലൊന്ന് നില്‍ക്കും. അവിടെ പള്ളി ഗേറ്റ് വിശാലമായി തുറന്നുവച്ചിരിക്കുന്നു. കവാടത്തില്‍ തന്നെ നെടുനീളത്തില്‍ സംഭാരമടങ്ങിയിരിക്കുന്ന ഗ്ലാസുകളുമായി ഒരുക്കിയിരിക്കുന്ന ഒരു ഡെസ്‌കാണ് ഇവിടുത്തെ ആകര്‍ഷണം. ഇനി ആരെങ്കിലും ഇതൊക്കെ കാണാതെ പോയാല്‍ അവിടെ നിന്നും വിളിച്ചുപറയും, വരൂ വരൂ സംഭാരം കുടിച്ചിട്ടുപോകാം. മൂന്ന് വര്‍ഷമായി പള്ളിയുടെ നേതൃത്വത്തില്‍ വേനല്‍ കാലത്ത് സംഭാരം വിതരണം ചെയ്യാന്‍ തുടങ്ങിയിട്ട്. സാധാരണ ഏപ്രില്‍ മാസത്തിലാണ് സംഭാരം നല്‍കുന്നത്.എന്നാല്‍ ഇത്തവണ ചൂട് നേരത്തെ എത്തിയതോടെ സംഭാര വിതരണവും നേരത്തെ ആക്കുകയായിരുന്നു. പതിനൊന്നു മണിക്ക് തുടങ്ങുന്ന വിതരണം സംഭാര ബക്കറ്റ് കാലിയാകുന്നതുവരെ തുടരും.
ബ്രോഡ്‌വേയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും മേനകയില്‍ ബസിറങ്ങുന്നവരും വഴിയാത്രക്കാരുമൊക്കെയാണ് സംഭാരം കുടിക്കാനെത്തുന്നത്. ദിവസവും ആയിരത്തി മുന്നോറോളം പേര്‍ക്കാണ് വിതരണം ചെയ്യുന്നത്. കെ.ഡി.എ എബ്രഹാമും കുടുംബവുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിപണയില്‍ കിട്ടുന്ന തൈര് വാങ്ങി വെള്ളംചേര്‍ത്ത് ചേരുവകകള്‍ ചേര്‍ത്ത് സംഭാരമാക്കി നല്‍കുകയല്ല ഇവര്‍ ചെയ്യുന്നത്. തലേദിവസം പാല്‍ വാങ്ങി ഉറയൊഴിച്ച് തൈരാക്കി സംഭാരമാക്കിയാണ് നല്‍കുന്നത്. പച്ചമുളകും ഇഞ്ചിയും ഉപ്പും കറിവേപ്പിലയും ഒക്കെ ചേര്‍ത്ത് മിക്‌സിയിലടിച്ചാണ് സംഭാരമാക്കുന്നത്. പള്ളിയിലെ തൊഴിലാളികളുള്‍പ്പെടെ പതിനഞ്ചോളം പേരാണ് സംഭാരവിതരണത്തിന് മുന്‍പന്തിയിലുള്ളത്.
ഡെസ്‌കില്‍ ഷീറ്റ് വിരിച്ച് സ്റ്റീല്‍ ക്ലാസിലാണ് സംഭാരം നിരത്തിവച്ചിരിക്കുന്നത്, ഐസുകൂടി പൊട്ടിച്ചിടുന്നതിനാല്‍ ആവശ്യക്കാരും ഏറെയാണ്. സ്റ്റീല്‍ ക്ലാസിനു പുറത്ത് ഐസുതുള്ളികള്‍ കാണുന്നതോടെ ചുട്ടുപൊള്ളുന്ന വെയിലത്ത് നടക്കുന്നവര്‍ ഏറെ ആശ്വാസത്തോടെയാണ് ഈ സംഭാര വിതരണ പന്തലില്‍ എത്തുന്നത്.നല്ലവരായ ഒരുപറ്റം ആള്‍ക്കാരുടെ സഹായത്തോടെയാണ് സംഭാരവിതരണം മുന്നോട്ട് പോകുന്നത്.
ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ഒരുമാസത്തേക്കുകൂടി സംഭാര വിതരണം നീട്ടാന്‍ ആലോചിക്കുന്നുണ്ടെന്ന് പള്ളി വികാരി ഫാ.ജേക്കബ് 'സുപ്രഭാത'ത്തോട് പറഞ്ഞു. അതേസമയം ചൂട് കനത്തതോടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ കുടിവെള്ള വിതരണവും നാരാങ്ങാവെള്ളം വിതരണവുമൊക്കെ പുരോഗമിക്കുകയാണ്.
മിക്ക സ്ഥപാനങ്ങളുടെ മുന്നിലും സ്റ്റൂളിട്ട് കുടിവെള്ളം വലിയ കുപ്പിയില്‍ ഗ്ലാസുമായി വച്ചിട്ടുണ്ട്. ചെറുകുപ്പികളില്‍ ഇവിടെനിന്ന് വെള്ളം നിറച്ചുകൊണ്ടുപോകുന്നതും ഇപ്പോള്‍ പതിവാണ്. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും കുടിവെള്ളവും നാരങ്ങാവിതരണവുമൊക്കെ പുരോഗമിക്കുന്നുണ്ട്. മധുരവും ഉപ്പുമിട്ട് നല്‍കുന്ന നാരങ്ങാവെള്ളത്തിനും ആവശ്യക്കാര്‍ ഏറെയാണ്. 36 ഡിഗ്രിയും കഴിഞ്ഞ് ജില്ലയിലെ താപ നില ഉയരുമ്പോള്‍ വെന്തുരുകുന്നവര്‍ക്ക് കുടിവെള്ളവും സംഭാരവും നാരങ്ങാവെള്ളവുമൊക്കെയായി ആശ്വാസമേകുകയാണ് സന്നദ്ധസംഘടനകള്‍ ഉള്‍പ്പെടെയുള്ള വിവിധ കൂട്ടായ്മകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."