എളമരം കരീമിന്റെ ബന്ധു ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്; സി.ബി.ഐ അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി
കോഴിക്കോട്: ക്വാറി, ക്രഷര്‍ യൂനിറ്റുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ മുന്‍ മന്ത്രി എളമരം കരീമിന്റെ ബന്ധു ടി.പി നൗഷാദ് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 55 ഏക്കര്‍ ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തി നീതിനടപ്പാക്കണമെന്ന് തട്ടിപ്പിനിരയായവരുടെ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ തങ്ങളെ വഞ്ചിക്കുകയാണെന്നും തട്ടിപ്പുകാര്‍ക്ക് ഇരുവിഭാഗവും ഒത്താശ നല്‍കുകയാണെന്നും ആക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി നീതിക്കുവേണ്ടി അലയുന്ന തങ്ങള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണും. മുക്കം, ചക്കിട്ടപ്പാറ, കാക്കൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ടി.പി നൗഷാദ് ഭൂമി തട്ടിപ്പ് നടത്തിയ കേസ് ഹൈക്കോടതിയില്‍ നിലവിലുണ്ട്. 2015 മേയില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.ടി ബാലന്‍ ഹൈക്കോടതില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നൗഷാദിന്റെ തട്ടിപ്പുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേസ് അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നു ഉണ്ടായിട്ടുള്ളത്. കേസ് തള്ളിപ്പോവുന്ന നിലയിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരിക്കുന്നത്. എളമരം കരീമിനെയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ടി.പി രാമകൃഷ്ണനെയും സി.പി.എം നേതാക്കളെയും നിരന്തരം തങ്ങള്‍ സമീപിച്ചുവെന്നും എന്നാല്‍ നീതി ലഭിച്ചില്ലെന്നും കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
ചെറുകിട ക്രഷര്‍ യൂനിറ്റുകള്‍ നടത്തിയിരുന്ന തങ്ങളുടെ സ്ഥാപനങ്ങളും ഭൂമിയും നൗഷാദിന്റെ നേതൃത്വത്തിലുള്ള കമ്പനി ഏറ്റെടുത്തത് 2013ലാണ്. എന്നാല്‍, പിന്നീട് തങ്ങളുടെ സ്ഥലം അവര്‍ കൈക്കലാക്കുകയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥ ഉണ്ടാവുകയുമായിരുന്നു. 2006ല്‍ പാപ്പരായിരുന്ന നൗഷാദിപ്പോള്‍ നൂറു കോടിയിലേറെ ആസ്ഥിയുള്ള ആളായി മാറിയിരിക്കയാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. കേരളത്തിലെ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് സി.ബി.ഐ അന്വേഷണത്തിനാവശ്യപ്പെടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.പി മൊയ്തീന്‍കുട്ടി ഹാജി, മുല്ല വീട്ടില്‍ ഷബീറലി, ഗംഗാധരന്‍, കെ.പി വേലായുധന്‍, എന്‍ അഷറഫ്, എം.പി സുബൈര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."