കള്ളനോട്ട് കേസ്: അഞ്ചു പ്രതികള്‍ റിമാന്‍ഡില്‍
കട്ടപ്പന: അണക്കരയില്‍നിന്ന് കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ ആറുപേരില്‍ അഞ്ചുപേര്‍ റിമാന്‍ഡില്‍. ടെലിവിഷന്‍ സീരിയല്‍ നടി കൊല്ലം മുളങ്കാടകം തിരുമുല്ലവാരം ഉഷസില്‍ സൂര്യ(36), മാതാവ് രമാദേവി(56), സഹോദരി ശ്രുതി(29) എന്നിവരെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ ജയിലിലേയ്ക്ക് അയച്ചു.
പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്(58), കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍(46) എന്നിവരെ പീരുമേട് സബ് ജയിലിലേയ്ക്ക് മാറ്റി. മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ(സാം -44) പൊലിസ് കസ്റ്റഡിയിലാണ്. സീരിയല്‍ മേഖലയുമായി അടുത്ത ബന്ധമുള്ള സ്വാമി എന്നയാളാണ് കള്ളനോട്ട് നിര്‍മാണ സംഘത്തെ സീരിയല്‍ നടിയെയും കുടുംബത്തെയും പരിചയപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചെങ്കിലും സാമ്പത്തികമായി നല്ലനിലയിലായിരുന്ന രമാദേവി ജ്വല്ലറി ഉടമകള്‍ക്കും വസ്ത്ര വ്യാപാരികള്‍ക്കും ഉള്‍പ്പെടെ പണം പലിശയ്ക്കു നല്‍കിയിരുന്നു. എന്നാല്‍ കുബേര കേസുമായി ബന്ധപ്പെട്ട് പലരില്‍നിന്നും പണം തിരികെ ലഭിക്കാതെ വരുകയും റൈസ് പുള്ളര്‍ ഇടപാടിലൂടെ ഒരുകോടിയോളം രൂപ നഷ്ടപ്പെടുകയും ചെയ്തതോടെ സാമ്പത്തികമായി തകര്‍ന്നു. തുടര്‍ന്ന് പൂജയ്ക്കും മറ്റുമായി എത്തിയ സ്വാമിയാണ് കള്ളനോട്ട് നിര്‍മാതാക്കളെ പരിചയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."