തിക്കോടി റെയില്‍വേ മേല്‍പാലം: കടകളും വീടുകളും നഷ്ടപ്പെടില്ലെന്ന് സാധ്യതാ പഠനം
പയ്യോളി: തിക്കോടിയില്‍ റെയില്‍വേ മേല്‍പ്പാലം വരുമ്പോള്‍ ടൗണിലുള്ള കടകളോ പരിസരത്തെ വീടുകളോ നഷ്ടപ്പെടില്ലെന്ന് പ്രാഥമിക സാധ്യത പഠനം.
റെയില്‍വേ ഗേറ്റില്‍നിന്നു വളരെ അടുത്താണ് ടൗണ്‍ എന്നതിനാല്‍ കുറേ കടകള്‍ പൊളിച്ചുമാറ്റേണ്ടി വരുമെന്നും അതേപോലെ റെയില്‍വേയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വീടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കകള്‍ക്കിടയിലാണ് കഴിഞ്ഞ ദിവസം റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ മേല്‍പാലത്തിന്റെ സ്ഥലം പരിശോധിച്ചതും കടകളും വീടുകളും പോകാതെ മേല്‍പ്പാലം നിര്‍മിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടത്.
തിക്കോടി ടൗണില്‍ റെയില്‍വേ ഗേറ്റിലേക്ക് നീങ്ങാതെ ബീച്ച് റോഡില്‍നിന്നു 150 മീറ്ററോളം കൃഷിഭവന്റെ ഭാഗത്തേക്ക് നീങ്ങി അവിടെ നിന്നു നേരെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍വേ ലൈന്‍ കടന്നു മുന്നോട്ട് പോയതിന് ശേഷം വടക്കോട്ട് ബീച്ച് റോഡില്‍ അവസാനിക്കുന്ന വിധത്തില്‍ 'യു' ഷെയ്പ്പില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. കെ. ദാസന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നു കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 11 കോടി രൂപ മേല്‍പ്പാലത്തിന് വേണ്ടി നീക്കിവച്ചിട്ടുണ്ട്. തിക്കോടിയിലെ ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമെന്ന നിലയില്‍ റെയില്‍വേ അടിപ്പാത നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നത്.
അടിപ്പാതക്ക് വേണ്ടി റെയില്‍വേക്ക് ഡെപ്പോസിറ്റ് ചെയ്യുന്നതിന് പൊതുജനങ്ങളില്‍ നിന്നും പ്രവാസി സംഘടനകളില്‍ നിന്നും ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തിക്കോടിയില്‍ അടിപ്പാത പ്രായോഗികമല്ലെന്ന നിഗമനത്തില്‍ എത്തിയതോടെയാണ് മേല്‍പ്പാലം നിര്‍മിക്കാനുള്ള ആവശ്യമുയര്‍ന്നത്. റെയില്‍വേ ഗേറ്റ് അധിക സമയം അടച്ചിടുന്നത് കൊണ്ടുള്ള പ്രയാസം വളരെ കൂടുതലാണ്. മിക്ക വണ്ടികള്‍ക്കും ക്രോസിങ്ങുള്ളതിനാല്‍ പലപ്പോഴും ഗേറ്റ് അടച്ചിടുകയാണ്. കൂടാതെ എഫ്.സി.ഐ ഗോഡൗണിലേക്ക് ഭക്ഷ്യ ധാന്യങ്ങളുമായി വാഗണ്‍ എത്തുന്ന സമയത്തും ഗേറ്റ് അടച്ചിടും.തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി ചെയര്‍മാനും ബിജു കളത്തില്‍ കണ്‍വീനറുമായി ജനകീയ കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."