അങ്കമാലിയുടെ മനസറിഞ്ഞ് ഇന്നസെന്റ്; ലീഡറുടെ മണ്ണിലൂടെ ബെന്നി ബഹനാന്റെ പടയോട്ടം
കൊച്ചി: കത്തുന്ന വെയിലിനെ വെല്ലുന്ന പ്രചാരണച്ചൂടിലാണ് ചാലക്കുടിയിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് ഇന്നലെ അങ്കമാലി മേഖലയിലാണ് പര്യടനം നടത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹ്നാന്‍ ലീഡറുടെ മണ്ണെന്നറിയപ്പെടുന്ന മാളയിലും. അങ്കമാലി മണ്ഡലത്തിലെ മറ്റൂര്‍, കാലടി, അയ്യമ്പുഴ, മഞ്ഞപ്ര മേഖലകളിലാണ് ഇന്നസെന്റ് തുറന്ന വാഹനത്തില്‍ പൊതുപ്രചാരണത്തിനെത്തിയത്. ഒരു പകല്‍ കൊണ്ട് ഈ പ്രദേശത്തെ നാല്‍പ്പതിലേറെ സ്ഥലങ്ങള്‍ പിന്നിട്ട ഇന്നസെന്റ് അങ്കമാലിയുടെ വളര്‍ച്ചാകുതിപ്പിന്റെ വേഗതയാണ് തന്റെ ഈ പര്യടനത്തിനുമെന്നു പറഞ്ഞു. മറ്റൂര്‍ കുറ്റിലക്കരയിലെ പര്യടനം മുന്‍ അങ്കമാലി എം.എല്‍.എയും കേരളാ കോണ്‍ഗ്രസ് ബി വിഭാഗം നേതാവുമായ എം.വി മാണി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ.കെ.കെ ഷിബു, പ്രസിഡന്റ് സി.ബി രാജന്‍, മുന്‍ എം.എല്‍.എ ജോസ് തെറ്റയില്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എ ചാക്കോച്ചന്‍, പി.ജെ വര്‍ഗീസ്, എന്‍.സി.പി നേതാവ് ജോയ് തോട്ടക്കര, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി ടീച്ചര്‍, കോണ്‍ഗ്രസ് എസ് നേതാവ് മാത്യൂസ് കോലഞ്ചേരി, സിപിഎം ഏരിയ കമ്മിറ്റി അംഗം എം ടി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
കാലടി പട്ടത്തിവീട്ടിലെ അനീഷും ബിന്‍സിയും അവരുടെ ഇരട്ടക്കുട്ടികളായ അന്നയേയും ആല്‍ഫയേയും കൊണ്ട് കാലടി ജങ്ഷനില്‍ ഇന്നസെന്റിനെ കാണാനെത്തിയത് കൗതുകമായി. അന്നയും ആല്‍ഫയും കുറച്ചുനേരം ഇന്നസെന്റിന്റെ തോളില്‍ക്കയറി കുസൃതികാട്ടിയത് കാലടി ജങ്ഷനില്‍ ചിരി പടര്‍ത്തി.
രാവിലെ 730ന് കാലടി മറ്റൂരിലെ കുറ്റിലക്കരയില്‍ ആരംഭിച്ച പര്യടനം പിരാരൂര്‍, തെക്കേ പിരാരൂര്‍, മറ്റൂര്‍ ലക്ഷം വീട്, മറ്റൂര്‍ കോളനി, മറ്റൂര്‍ കവല, മരോട്ടിച്ചോട്, യോര്‍ദ്ദാനപുരം, ബേബി കവല, പള്ളിപ്പടി, മാണിക്യമംഗലം, ഈസ്റ്റ് പനയാലി വഴി 1105ന് ലക്ഷം വീടിലെത്തി വിശ്രമശേഷം 330ന് തട്ടുപാറയില്‍ വീണ്ടും ആരംഭിച്ച് ചൂണ്ടി, അയ്യമ്പുഴ, കൊല്ലക്കോട്, കണ്ണിമംഗലം, ചാത്തക്കുളം, കാരക്കാട്, വടക്കുംഭാഗം, മുളരിപ്പാടം കരിങ്ങാലിക്കാട്, പുത്തന്‍പള്ളി, തുപ്പത്തിക്കവല, ഇലവന്തി, മേരിഗിരി വഴി 720ന് നടമുറിയില്‍ സമാപിച്ചു.
ലീഡര്‍ കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന മാളയുടെ മണ്ണിലൂടെ പര്യടനം നടത്തിയ ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന് ലഭിച്ചത് ആവേശകരമായ സ്വീകരണം. പുലര്‍ച്ചെ ആറു മണിക്ക് പൊയ്യ പഞ്ചായത്തിലെ ചെന്തുരുത്തിയില്‍ നിന്നാണ് സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചത്. പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത മാമ്പ്ര കളിമണ്‍ വ്യവസായ സഹകരണ സംഘത്തിലെ മഹാത്മാ ടൈല്‍സിലെത്തി തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ചു. ലീഡര്‍ കെ. കരുണാകരന്റെ ഉറ്റസുഹൃത്തായിരുന്ന യാക്കോബായസഭ എപ്പിസ്‌കോപ്പ ആയിരുന്ന പൂവന്തറ മത്തായി വിശ്രമ ജീവിതം നയിക്കുന്ന വസതിയിലെത്തി അനുഗ്രഹം തേടി. മാളയിലെ വിവിധ ഓട് നിര്‍മാണ കമ്പനികള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി ഒപ്പമുണ്ടാകുമെന്ന് തൊഴിലാളികള്‍ക്കു വാക്ക് നല്‍കി. വാളൂര്‍ ദാറുസ്സലാം ജുമാമസ്ജിദ്, അന്നമനട ക്ഷേത്രം, കെ എസ് ബി എം എസ് എല്‍ കണ്‍ട്രോള്‍ ലിമിറ്റഡ് എന്നിവയും സന്ദര്‍ശിച്ചു. എരവത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിക്കൊന്ന നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഇരുചക്ര വാഹന റാലിയോടെയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
താണിശ്ശേരി സെന്റ്. ആന്റണീസ് സ്‌കൂളിലെത്തിയ ബെന്നി ബഹനാന്‍ മധ്യവേനലവധി ആഘോഷിക്കുകയായിരുന്ന കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. പൂപ്പത്തി കവലയിലും സ്ഥാനാര്‍ഥിക്ക് നാട്ടുകാര്‍ വന്‍ വരവേല്‍പ്പ് നല്‍കി. മാള ജുമാ മസ്ജിദിലെത്തിയ സ്ഥാനാര്‍ഥിയെ ഇമാം സുബൈര്‍ മന്നാനി സ്വീകരിച്ചു. പ്രളയത്തില്‍ മുങ്ങിയ നെയ്താല്‍ സീഫുഡ് കമ്പനിയും ബെന്നിബഹനാന്‍ സന്ദര്‍ശിച്ചു.കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ബെന്നി ബഹനാന്‍ പ്രചാരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."