പുതുച്ചേരിയില്‍ മത്സരത്തിനു 19പേര്‍
മാഹി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോള്‍ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും പ്രചാരണം ശക്തം. പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി. വൈദ്യലിംഗവും എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ആര്‍ കോണ്‍ഗ്രസിലെ ഡോ. കെ നാരായണസ്വാമിയും തമ്മിലാണു പ്രധാന മത്സരം.
18നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ 19 പേരാണു മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു സി.പി.എം വോട്ട് ചെയ്യുമ്പോള്‍ അതേ മണ്ഡലത്തിലെ മാഹിയില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതു വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
മാഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി സി.പി.ഐ പ്രചാരണ രംഗത്ത് സജീവമാണ്. ചുവരെഴുത്തുകളോ കൂറ്റന്‍ പ്രചാരണ ബോര്‍ഡുകളോ ഒന്നും ഇവിടെ പ്രത്യക്ഷത്തിലില്ല. സിനിമാ താരം കമലഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാനാര്‍ഥി എം.എ സുബ്രമണ്യവും മത്സര രംഗത്തുണ്ട്. മാഹിയിലെ സി.പി.എം വോട്ട് അദ്ദേഹത്തിനായിരിക്കും എന്ന സൂചന പാര്‍ട്ടിക്കിടയിലുണ്ട്. സി.പി എം വോട്ട് എന്‍.ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്കു നല്‍കില്ലെന്നു നേരത്തെ പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള വാര്‍ത്തകളും പ്രചാരണങ്ങളും മാഹിയിലെ വോട്ടര്‍മാരുടെ ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. ഇതുവരെ സ്ഥാനാര്‍ഥികളൊന്നും മാഹിയില്‍ എത്തിയിട്ടില്ല. പരിസര പ്രദേശങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടില്‍ കൊഴുക്കുമ്പോള്‍ മാഹിയില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ വണ്ടികള്‍ മാത്രമേ കാണാനുള്ളൂ. അടുത്ത ദിവസങ്ങള്‍ സജീവമാകുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."