മലമ്പുഴ ഡാമിനോട് ചേര്‍ന്ന് സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണം
പാലക്കാട് : കേന്ദ്ര പ്രതിരോധ നിയമപ്രകാരം അതീവ സുരക്ഷാ മേഖലയായി കേന്ദ്ര, കേരളാസര്‍ക്കാരുകള്‍ പ്രഖ്യാപിച്ച മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിയമത്തിനു പുല്ലുവില കല്‍പ്പിച്ചു സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ട്് നിര്‍മ്മിക്കുന്നു. മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെടുന്ന തെക്കേമലമ്പുഴയിലെ എലിവാലിലാണ് റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത്. പതിനഞ്ചു കോടിയോളംരൂപ ചിലവിട്ട് ഏഴേക്കറോളം സ്ഥലത്താണ് റിസോര്‍ട്ട് നിര്‍മിക്കുന്നത്. ഇതിനുവേണ്ടി സമീപത്തെ കുന്നും ഇടിച്ചുനിരത്തുകയാണ്. ഇതിനായി അഞ്ചു സ്വകാര്യ വ്യക്തികളുടെ സ്ഥലം പൊന്നുംവില നല്‍കിയാണ് ഇവര്‍ വാങ്ങിയിട്ടുള്ളത്.
കേന്ദ്ര പ്രതിരോധ നിയമപ്രകാരം മലമ്പുഴ റീസര്‍വോയറിനു ചുറ്റിലുമുള്ള മുന്നൂറ്റി നാല് മീറ്റര്‍(ആയിരം അടി) ചുറ്റളവില്‍ യാതൊരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്ന് 1962ല്‍ കേന്ദ്ര സര്‍ക്കാരും, 1963ജൂണ്‍ 28നു സംസ്ഥാന ആഭ്യന്തരവകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതിന് പുല്ലുവില കല്‍പ്പിച്ചാണ് ഡാമില്‍ നിന്ന് നൂറ് മീറ്റര്‍ ദൂരംപോലുമില്ലാത്ത സ്ഥലത്ത്്് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. മുന്‍പ് ഈ സ്ഥലത്തിന് തൊട്ടടുത്തുള്ള ഒരു കുടുംബത്തിന്റെ ഓടുവീട് വാര്‍ക്കാന്‍ പോലും ഗ്രാമപഞ്ചായത്തും ജലസേചന വകുപ്പും അനുമതി നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ ബഹുനില കെട്ടിടങ്ങളും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ ജലസേചന വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയാണ് അനുമതി സമ്പാദിച്ചതെന്നാണ് അറിയുന്നത്. ഈ ഉദ്യോഗസ്ഥന്‍ അടുത്തിടെ ജോലിയില്‍ നിന്നും വിരമിക്കുകയും ചെയ്തു. നേരത്തെ ഈ ഉദ്യോഗസ്ഥനെതിരെ മലമ്പുഴ ഉദ്യാന നവീകരണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ വകുപ്പുതല അന്വേഷണം നടന്നിരുന്നു.
കഴിഞ്ഞ ഒരു മാസമായി സജീവമായി നിര്‍മാണം നടന്നു വന്നിട്ടും മലമ്പുഴ ഡാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോലും വിവരമറിഞ്ഞിട്ടില്ലെന്നാണ് ഏക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ നല്‍കുന്ന വിശദീകരണം. ഓഫിസില്‍നിന്നും റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിട്ടില്ലെന്നും അദേഹം പറയുന്നു. വനംവകുപ്പിന്റെ തേക്ക് തടികൂപ്പ് ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. കടുവയും പുള്ളിപ്പുലിയും ആനയുമുള്‍പ്പെടെ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശം കൂടിയാണിത്. സന്ധ്യകഴിഞ്ഞാല്‍ ആനക്കൂട്ടം സഞ്ചരിക്കുന്നത് ഇതിനു സമീപത്തുകൂടിയാണ്.
ആനകളുടെ ശല്യം ഒഴിവാക്കാനായി മിക്കയിടത്തും വൈദ്യുതി കടത്തിവിടുന്ന കമ്പിവേലി നിര്‍മിച്ചിട്ടുള്ള സ്ഥലത്താണ് ഇപ്പോള്‍ ആയുര്‍വേദ റിസോര്‍ട്ടും ഉഴിച്ചില്‍ കേന്ദ്രവുംനീന്തല്‍കുളവും പണിയുന്നത്. ഇതിനു പുറമെ ചികിത്സക്കെത്തുന്നവര്‍ക്ക് ആവശ്യമുള്ള പച്ചക്കറിത്തോട്ടം, പാലിനായുള്ള കാലിവളര്‍ത്തല്‍ കേന്ദ്രം എന്നിവയും നിര്‍മിക്കാന്‍ പദ്ധതിയിലുണ്ടെന്നാണ് വിവരം. ഇപ്പോള്‍ കുന്നിനോട് ചേര്‍ന്ന പാറകളും ഇടിച്ചു നിരത്തികൊണ്ടിരിക്കുകയാണ്.
ഇവിടെ നിര്‍മിക്കുന്ന റിസോര്‍ട്ടിന് വേണ്ടി കെ. എസ്. ഇ. ബി പ്രത്യേക ട്രാന്‍സ്‌ഫോര്‍മറും മുന്‍കൂട്ടി സ്ഥാപിച്ചു കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നത്. അനധികൃത റിസോര്‍ട്ട് നിര്‍മാണത്തിനെതിരേ മലമ്പുഴ ഡാം സംരക്ഷണ സമിതിയും പരിസ്ഥിതി സംഘടനകളും നിയമനടപടിക്കൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."