ഡെന്റിസ്റ്റിനെ പേടിയുണ്ടോ? കാരണം പല്ലിന്റെ ബലക്ഷയമാകാം
ദന്ത ഡോക്ടറെ കാണാന്‍ എപ്പോഴെങ്കിലും പേടിതോന്നിയിട്ടുണ്ടോ? പല്ലിന്റെ ബലക്ഷയം ഈ ഡെന്റല്‍ ഫോബിയക്ക് കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ബ്രിട്ടീഷ് ഡെന്റല്‍ ജേണല്‍ പുറത്തുവിട്ട പഠനങ്ങളാണ് ഡെന്റല്‍ഫോബിയയെ സംബന്ധിക്കുന്ന കൗതുകകരമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.
പല്ലുകളുടെ ബലക്ഷയവും നാശവും വൃത്തിയില്ലായ്മയും രോഗികളില്‍ അപകര്‍ഷതാ ബോധം ഉണ്ടാകുന്നു. അതിനാല്‍ ഇവര്‍ ഡോക്ടര്‍മാരെ കാണാന്‍ മടിക്കുകയും ഇത് കാലക്രമേണ ദന്ത ഡോക്ടര്‍മാരോടുള്ള ഭയമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഡെന്റല്‍ ഫോബിയ ഒരാളുടെ വ്യക്തി ജീവിതത്തെയും മാനസിക നിലയെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇത് പെരുമാറ്റത്തിലും വികാരപ്രകടനങ്ങളിലും പ്രതിഫലിക്കുകയും ചെയ്യുമെന്നും ലണ്ടനിലെ കിങ്‌സ് കോളജില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതായി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്ലീ ഹെയ്ഡറി വ്യക്തമാക്കി.
10,900 ആളുകള്‍ക്കിടയില്‍ ദന്തരോഗം ഉള്ളവരെയും ഇല്ലാത്തവരെയും തരംതിരിച്ച് നടത്തിയ പഠനങ്ങളാണ് ഡെന്റല്‍ ഫോബിയയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്ക് വഴിതുറന്നത്. ദന്തരോഗങ്ങള്‍ അലട്ടുന്ന പകുതിയിലേറെ ആളുകളും വിദഗ്ദമായ ഒരു ദന്ത ചികിത്സ നടത്തുന്നതിന് പകരം താല്‍ക്കാലിക ആശ്വാസമായ വേദന സംഹാരികളെയാണ് ആശ്രയിക്കുന്നത്. 344 പുരുഷന്‍മാരെയും 1,023 സ്ത്രീകളെയും ഉള്‍പ്പെടുത്തി 2009ല്‍ നടത്തിയ ഡെന്റല്‍ ഹെല്‍ത്ത് സര്‍വേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കിംഗ് കോളജ് ടീം ഡെന്റല്‍ ഫോബിയയെപ്പറ്റി പഠനം നടത്തിയത്.
ഡെന്റല്‍ ഫോബിയയുടെ അനന്തരഫലങ്ങളായി മൂകത, വിഷാദരോഗം, അത്യുല്‍കണ്ഠ തുടങ്ങിയ മാനസിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പല്ലിനെക്കുറിച്ചുള്ള ചിന്ത ഇത്തരക്കാരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുമെന്നും ഹെയ്ഡറി കൂട്ടിച്ചേര്‍ത്തു.
ഡെന്റിസ്റ്റുകളെ ഭയപ്പെടാതെ സമീപിക്കുകയും പല്ലിലെ പ്രശ്‌നങ്ങള്‍ തുടക്കത്തിലേ പരിഹരിക്കുകയും ചെയ്യുക വഴി ഡെന്റല്‍ഫോബിയ ഉണ്ടാകാതെ സൂക്ഷിക്കാമെന്നും കാര്യക്ഷമമായ ചികിത്സകളാല്‍ പല്ലിനെ സംരക്ഷിക്കുകയും അതുവഴി മാനസിക ആരോഗ്യം നിലനിര്‍ത്താനും ജനങ്ങള്‍ തയ്യാറാകണമെന്ന് പഠന സംഘത്തിലെ മറ്റൊരു ഗവേഷകന്‍ ടിം ന്യൂട്ടണ്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."