ചെരുപ്പ്
ചെരുപ്പ് എല്ലാവര്‍ക്കും ആശ്വാസമാണെങ്കില്‍ അയാള്‍ക്ക് എപ്പോഴും തലവേദനയായിരുന്നു.സാധാരണ ഗതിയില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കുറച്ചു കാലമേ അയാള്‍ ചെരിപ്പ് ഉപയോഗിക്കാറുള്ളു. എവിടെയാണെങ്കിലും കഴിയുന്നിടത്തോളം നടന്നേ പോകൂ എന്നതിനാല്‍ പെട്ടെന്ന് തേഞ്ഞ് തീരുന്നതാണ് ഒരു കാര്യം. അല്ലെങ്കില്‍തന്നെയും കുറെ നാള്‍ ഒരേ ചെരുപ്പ് തന്നെ കാലിലിട്ട് നടക്കുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥതയാണ്. പിന്നെ അതു മാറി പുതിയത് വാങ്ങിയാലേ ഒരു സമാധാനമാകൂ.
കഴിഞ്ഞ ദിവസം പള്ളിയില്‍ പോയി പ്രാര്‍ഥന കഴിഞ്ഞിറങ്ങുമ്പോള്‍ അയാളുടെ ചെരുപ്പ് കാണാനില്ല. ചെരുപ്പ് തിരക്കി പള്ളിയുടെ ചുറ്റും നടന്നു. നിരാശയായിരുന്നു ഫലം. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഏതോ ഒരു ചെരുപ്പ് അയാള്‍ക്ക് വേണ്ടി കാത്തു കിടന്നു.. മനസ്സില്ലാ മനസ്സോടെ അതുമിട്ട് അയാള്‍ വീട്ടിലേക്ക് നടന്നു, സ്വന്തം ചെരുപ്പ് തന്നെ കുറെ കഴിഞ്ഞാല്‍ അസ്വസ്ഥതയാകുന്നയാള്‍ക്ക് മറ്റൊരാളുടെ ചെരുപ്പ് ഇട്ടു കൊണ്ട് നടക്കുമ്പോഴുള്ള അസ്വസ്ഥത പറയേണ്ടതില്ല. ശമ്പളം കിട്ടിയ കാശ് തീര്‍ന്നതു കൊണ്ടു മാത്രമാണ് അയാള്‍ ആ ചെരുപ്പുമായി കുറച്ചു ദിവസം നടന്നത്. തന്റെ ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പകരം മറ്റൊരാളുടെത് വലിച്ചു കൊണ്ടു നടക്കുന്ന വേവലാതിയോടെയായിരുന്നു ആ ദിവസങ്ങളിലെ അയാളുടെ നടത്തം.
ശമ്പളം കിട്ടിയ ഉടനെ അയാള്‍ ആദ്യം പോയത് ചെരുപ്പ് കടയിലേക്കാണ്. പുതിയ ചെരുപ്പ് വാങ്ങി കാലിലിട്ട ശേഷമാണ് സമാധാനമായത്. പഴയ ചെരുപ്പ് കടയുടെ മുന്നിലുപേക്ഷിച്ചിട്ട് പോരുമ്പോള്‍ എന്തോ വലിയൊരു ഭാരം ഇറക്കി വച്ചിട്ട് പോരുമ്പോലെയാണ് അയാള്‍ക്ക് തോന്നിയത്. പള്ളിയില്‍ പോകുമ്പോള്‍ ആരും ശ്രദ്ധിക്കാത്ത ഇടം കണ്ടു പിടിച്ച് ചെരുപ്പ് വച്ചിട്ടാണ് അയാള്‍ അകത്തേക്ക് കയറുന്നത്. എങ്കിലും ദൈവത്തോട് പ്രാര്‍ഥിക്കുന്നതിനിടയിലും തന്റെ ചെരുപ്പ് ആരെങ്കിലും അടിച്ചുകൊണ്ട് പോയിരിക്കുമോ എന്ന ചിന്ത അയാളെ വേട്ടയാടി. പുറത്തിറങ്ങി ചെരുപ്പിനുള്ളില്‍ കയറിക്കൂടിയാലേ ഒരു സമാധാനമാകൂ.
കുറച്ചു ദിവസം മുന്‍പ് വായനശാലയില്‍ പോയപ്പോള്‍ ചെരുപ്പ് മുകളിലത്തെ പടിയില്‍ തന്നെ വച്ചു. അധികം ചെരുപ്പുകള്‍ പുറത്തില്ലാതിരുന്നതിനാല്‍ അത്രയും മതിയല്ലോ എന്നു കരുതി. ചെരുപ്പിനെപ്പറ്റി ചിന്തിക്കാതെ അയാള്‍ വായനയില്‍ മുഴുകി. എല്ലാവരും പോയി വായനശാല അടക്കാറായപ്പോള്‍ അയാള്‍ എഴുന്നേറ്റു. പുറത്തു വന്ന് ചെരുപ്പിട്ടു നോക്കിയപ്പോള്‍ എന്തോ ഒരു വൈഷമ്യം. ഒരു വിധത്തില്‍ കാല് അകത്തു കടത്തി. നടക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്. ചെരുപ്പ് മാറിപ്പോയിരിക്കുന്നു. കമ്പനി ഒന്നു തന്നെ, വലിപ്പം മാറി.. പത്ത് ഇഞ്ചിന്റെതിനു പകരം ഒന്‍പത് ഇഞ്ചിന്റെത്. മാത്രമല്ല വളരെ പഴകിയതും.. ഈശ്വരാ, അടുത്ത ശമ്പള ദിവസം വരെ ഈ ചെരുപ്പ് ഇട്ടു കൊണ്ട് നടക്ക്ക്കണമല്ലോ? ഒരു ഗദ്ഗദത്തോടെ അയാള്‍ നെടുവീര്‍പ്പിട്ടു. വലുപ്പമെങ്കിലും കൃത്യമായിരുന്നെങ്കില്‍ എങ്ങനെയും ഇട്ടു കൊണ്ട് നടക്കാമായിരുന്നു.
ഗത്യന്തരമില്ലാതെയാണ് അയാള്‍ ആ തീരുമാനത്തിലെത്തിയത്. ഓഫിസിലും വിശേഷ കാര്യങ്ങള്‍ക്കും പോകുമ്പോള്‍ മാത്രം പാദരക്ഷകള്‍ ഉപയോഗിക്കുക. മറ്റു സ്ഥലങ്ങളില്‍ വിശേഷിച്ച് പള്ളിയിലും വായനശാലയിലുമൊക്കെ പോകുമ്പോള്‍ നഗ്‌നപാദനായി പോകുക.. ആ തീരുമാനമെടുത്തപ്പോള്‍ വലിയ ആശ്വാസമായി. ചെരുപ്പിന്റെ തലവേദന ഇതോടെ മാറുമെന്ന് അയാള്‍ വിചാരിച്ചു. അങ്ങനെ അടുത്ത ദിവസം വാനശാലയിലേക്ക് നഗ്‌നപാദനായി ചെല്ലുമ്പോള്‍ പുറത്തെങ്ങും ഒരു ചെരിപ്പും കാണാനില്ല. അയാള്‍ ആകാംക്ഷയോടെ അകത്തേക്ക് നോക്കി., പതിവില്‍ കവിഞ്ഞ തിരക്ക് കാണാനുണ്ട്. ഇവരുടെയൊക്കെ ചെരുപ്പ് എവിടെപ്പോയി.. ഇനി എല്ലാവരും ചെരുപ്പ് വേണ്ടെന്ന് തീരുമാനിച്ചോ? കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലേക്കാണ് നീങ്ങുന്നതെന്ന് അയാള്‍ക്ക് മനസ്സിലായി.
ചെരുപ്പാണ് മാറിപ്പോകുന്നതെങ്കില്‍ എങ്ങനെയും പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഇനി ആരുടെയെങ്കിലും കാലുമായിട്ടാണ് കാല് മാറിപ്പോകുന്നതെങ്കില്‍...ആ ചിന്ത പോലും അയാളെ ഭയപ്പെടുത്തി. ഭ്രമാത്മകമായ ചിന്തകള്‍ പകര്‍ന്ന ഭീതിയില്‍ വായനശാലയില്‍ കയറാതെ അയാള്‍ വീട്ടിലേക്ക് തിരികെ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."