പ്രഥമ കെ.പി.സി.സി സമ്മേളന 96ാം വാര്‍ഷികാഘോഷം 23 മുതല്‍ 26 വരെ
പാലക്കാട്: ഒറ്റപ്പാലത്ത് 1921ല്‍ നടന്ന പ്രഥമ കെ.പി.സി.സി സമ്മേളനത്തിന്റെ 96-ാം വാര്‍ഷികാഘോഷം ഏപ്രില്‍ 23 മുതല്‍ 26 വരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലത്ത് നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചരിത്ര ചിത്രപ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, ഫിലിം പ്രദര്‍ശനം, കലാ-സാംസ്‌കാരിക പരിപാടികള്‍ ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ നിര്‍ണായ പങ്ക് വഹിച്ച കെ.പി.സി.സി പ്രഥമ സമ്മേളനത്തിന്റെ വാര്‍ഷികാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
23 മുതല്‍ 25 വരെ ഒറ്റപ്പാലം മനിശേരി കെ.എം ഓഡിറ്റോറിയത്തിലാണ് (പി ബാലന്‍ നഗര്‍) വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുക. 26ന് വൈകിട്ട് നാലിന് ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപന പൊതുസമ്മേളനം നടക്കും.
കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നീക്കം ശക്തിപ്പെട്ടത് 1921ല്‍ ഒറ്റപ്പാലത്ത് നടന്ന പ്രഥമ കെ.പി.സി.സി സമ്മേളനത്തിന് ശേഷമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒറ്റപ്പാലം കെ.പി.സി.സി സമ്മേളനത്തില്‍ ധീരദേശാഭിമാനികളായ നിരവധി രാജ്യസ്‌നേഹികള്‍ പങ്കെടുത്തിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കള്‍, ജന്മി-കുടിയാന്‍ വ്യവസ്ഥക്കെതിരായ പോരാട്ട നായകന്മാര്‍, വിദ്യാര്‍ഥി-യുവജന-മഹിളാ വിഭാഗം പ്രതിനിധികള്‍ പങ്കെടുത്ത ഒറ്റപ്പാലം സമ്മേളനം ബ്രിട്ടീഷുകാര്‍ക്കെതിരായ ശക്തായ പ്രക്ഷോഭ പരമ്പരകള്‍ക്ക് തുടക്കം കുറിച്ച വേദി കൂടിയായിരുന്നു.
23ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. 24ന് രാവിലെ 10ന് നടക്കുന്ന യുവജന-വിദ്യാര്‍ഥി സമ്മേളനം വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് അധ്യക്ഷനായിരിക്കും. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ എം.എല്‍.എ ബെന്നി ബെഹന്നാന്‍, സതീശന്‍ പാച്ചേനി, അഡ്വ. ടി സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും.
25ന് രാവിലെ 10ന് നടക്കുന്ന വനിതാ സമ്മേളനം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. കെ.ഐ കുമാരി അധ്യക്ഷയായിരിക്കും. വി.കെ ശ്രീകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന തൊഴിലാളി സംഗമം ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
26ന് വൈകിട്ട് നാലിന് കെ കരുണാകരന്‍ നഗറില്‍ (ഒറ്റപ്പാലം ബസ് സ്റ്റാന്റ് മൈതാനം) നടക്കുന്ന സമാപന പൊതുസമ്മേളനം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ദീപക് ബാബറിയ, കെ.സി വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."