കൊല്ലത്ത് ഇടഞ്ഞോടിയ പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പിടിച്ചുകെട്ടുന്നതിനിടെ കഴുത്തിലെ കുരുക്ക് മുറുകി ചത്തു
കൊല്ലം: ചന്ദനത്തോപ്പിനടുത്ത് രാവിലെ 9.30 യോടെ കൂടി വെട്ടാന്‍ കൊണ്ടുവന്ന പോത്ത് ഇടഞ്ഞോടി നിരവധി ആളുകളെ കുത്തി പരുക്കേല്‍പ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടി പോത്തിനെ വളഞ്ഞിട്ട് പിടിച്ച് കെട്ടിയിട്ടിരുന്നുവെങ്കിലും ശരാശരിയില്‍ കൂടുതല്‍ വലിപ്പമുള്ള പോത്ത് കെട്ടിയിട്ടിരുന്ന കയര്‍ പൊട്ടിച്ച് വീണ്ടും കുതറിയോടുകയായിരുന്നു.
വഴിയിലുണ്ടായിരുന്ന വാഹനങ്ങളും ബൈക്കുകളും കുത്തിമറിച്ച് ഒരു കിലോമീറ്ററോളം ഓടിയ പോത്തിനെ കൊല്ലത്തു നിന്നും കുണ്ടറയില്‍ നിന്നും എത്തിയ അഗ്‌നിശമന സേനാംഗങ്ങളും പൊലിസ് നാട്ടുകാരും ചേര്‍ന്ന് വലയില്‍ കുരുക്കിയും, കയര്‍ കൊമ്പില്‍ എറിഞ്ഞു പിടിച്ചും, കാലുകള്‍ ബന്ധിച്ചും കീഴ്‌പ്പെടുത്തി. അതേസമയം, പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി പോത്ത് ചത്തു.
സംഭവത്തിനിടെ, അഗ്‌നിശമന വാഹനത്തിനും പൊലിസ് ജീപ്പിനും കേടുപാടുകളുണ്ടായി.കുണ്ടറ നിലയത്തിലെ ജോണ്‍സണ്‍ എന്ന സീനിയര്‍ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ക്കും ഒരു പൊലിസ് ഓഫീസര്‍ക്കും സാരമായി പരുക്കേറ്റു. സ്റ്റേഷന്‍ ഓഫീസര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ കൊല്ലം അഗ്‌നിശമന സേനയും, സ്റ്റേഷന്‍ ഓഫീസര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ കുണ്ടറ അഗ്‌നിശമന സേനയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."