ഉള്ള്യേരിയില്‍ 25 കുടുംബങ്ങള്‍ വോട്ടുചെയ്യാന്‍ ബൂത്തിലേക്കില്ല
ഉള്ള്യേരി: ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെട്ട ഈസ്റ്റ് മുക്ക് കൊല്ലരുകണ്ടി പുളിഞ്ഞോളി മീത്തല്‍ പ്രദേശത്തെ 25ലധികം കുടുംബങ്ങള്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത്. ഗതാഗത യോഗ്യമായ റോഡില്ലാത്തത് കാരണം പ്രദേശത്ത് താമസിക്കുന്ന നിത്യരോഗികള്‍ പോലും ആശുപത്രിയില്‍ പോകാന്‍ പ്രയാസപ്പെടുകയാണ്. 70ലധികം വയസുള്ള നിത്യരോഗികളായ സ്ത്രീകള്‍ പ്രദേശത്തുണ്ട്.
റോഡിന്റെ ശോച്യാവസ്ഥ കാരണം മരുന്ന് വാങ്ങാനോ, ചികിത്സ നടത്താനോ പുറത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. രണ്ട് സര്‍ജറി കഴിഞ്ഞ ഒരാള്‍ റോഡിന്റെ ശോച്യാവസ്ഥ കാരണം തുടര്‍ ചികിത്സ നടത്താനാകാതെ രോഗം വര്‍ധിക്കുന്ന അവസ്ഥയിലായിട്ടുണ്ട്. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വീണു വിദ്യാര്‍ഥിയുടെ കൈപൊട്ടി.
17 വര്‍ഷം മുന്‍പ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഫുട്പാത്ത് റോഡ് ആക്കി മാറ്റാന്‍ പരിസരവാസികള്‍ സ്ഥലം വിട്ടു നല്‍കിയിരുന്നു. എന്നാല്‍ റോഡിന്റെ തുടക്കത്തിലുള്ള ഒരു വീട്ടുകാര്‍ റോഡിന് വിട്ടുനല്‍കിയ സ്ഥലം തിരിച്ചു കെട്ടിയെടുത്തതാണ് റോഡ് പണി നിന്നുപോകാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്.
ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിക്കും, രാഷ്ട്രീയ കക്ഷിനേതാക്കള്‍ക്കും പലതവണ നിവേദനം നല്‍കിയിരുന്നെങ്കിലും പ്രശ്നം പരിഹിക്കാന്‍ ആരും തയാറായില്ലെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."