ജി.വി രാജ സ്‌കൂളിലെ ഭക്ഷ്യവിഷബാധ: ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി എ.സി മൊയ്തീന്‍
തിരുവനന്തപുരം: ജി.വി രാജ സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍. ഭക്ഷ്യവിഷബാധയെക്കുറിച്ച് പൊലിസും അഴിമതി ആരോപണത്തെക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗവും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എസ്.വി പ്രജീപിന് പങ്കുണ്ടാകാമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു.
ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ പ്രദീപ് മായം ചേര്‍ക്കുന്നതായി സംശയമുണ്ടെന്നും അയാള്‍ തല്‍സ്ഥാനത്തു തുടര്‍ന്നാല്‍ ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനും കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകാനും സാധ്യതയുണ്ടെന്നും കാണിച്ച് കഴിഞ്ഞ ദിവസമാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജൂണിലാണ് അറുപതോളം കുട്ടികള്‍ക്ക് ഇവിടെ ഭക്ഷ്യ വിഷബാധയുണ്ടാവുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം പോലും നല്‍കിയില്ലെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. രോഗബാധിതരായ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാതെ സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെച്ചതായി പരാതി ഉയര്‍ന്നു. വിവരം പുറത്തറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിട്ടു. രക്തം ഛര്‍ദിച്ച രണ്ടു കുട്ടികളെ വളരെ വൈകിയാണ് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റിയതെന്നും പരാതിയുണ്ടായിരുന്നു.
തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അഞ്ചുതവണ ഇവിടെ ഭക്ഷ്യവിഷബാധയുണ്ടായതായി കണ്ടെത്തിയിരുന്നു. ആറു വര്‍ഷത്തിനിടെ 2014ല്‍ ഒഴികെ എല്ലാ വര്‍ഷവും ഭക്ഷ്യവിഷബാധയുണ്ടായി. 2013ല്‍ ജൂലൈ 17, 2015 ജൂലൈ 18, 2016ല്‍ ജൂലൈ 29, 2017ല്‍ ഓഗസ്റ്റ് അഞ്ച് എന്നിങ്ങനെ തിയതികളിലാണ് സംഭവമുണ്ടായത്. എല്ലായിപ്പോഴും ഒരേ കാലയളവില്‍ ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ദുരൂഹമാണെന്നും സമഗ്രാന്വേഷണം വേണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."