അധ്യാപക റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും നിയമനമില്ല ജോലിക്കായി പെടാപ്പാട്
കണ്ണൂര്‍: കഠിനാധ്വാനം ചെയ്ത് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വരുത്തിയിട്ടും ജോലി കിട്ടണമെങ്കില്‍ ആരുടെ കാലുപിടിക്കണമെന്നറിയാതെ ഉഴലുകയാണ് ജില്ലയിലെ ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍. ആറുവര്‍ഷം മുന്‍പ് വിവിധ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ അധ്യാപക ഒഴിവുകള്‍ ചൂണ്ടിക്കാണിച്ച് അപേക്ഷ ക്ഷണിച്ച് പി.എസ്.സി പരീക്ഷ നടത്തി 2018 പകുതിയായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതാണ് കാരണം.
ഗണിതം, സമൂഹ്യശാസ്ത്രം, നാച്വറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ നിരവധി അധ്യാപക ഒഴിവിലേക്കാണ് പി.എസ്.സി പരീക്ഷ നടത്തിയത്. അധ്യാപക ഒഴിവുകളിലേക്കായി 2012ലായിരുന്നു പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 2016ലായിരുന്നു പരീക്ഷ. ഒരു വര്‍ഷം കഴിഞ്ഞ് 2017ല്‍ ഫലം പ്രഖ്യാപിക്കുകയും 2018 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ഇന്റര്‍വ്യൂ നടത്തുകയും ചെയ്തു. ജില്ലയില്‍ മെയിന്‍ ലിസ്റ്റില്‍ 100 പേരെയും സപ്ലിമെന്ററി ലിസ്റ്റില്‍ 60 പേരെയുമാണ് തീരുമാനിച്ചത്. എന്നാല്‍ ആളെ എടുക്കാന്‍ പിന്നെയും മുട്ടാപ്പോക്ക് ന്യായം പറയുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ലിസ്റ്റില്‍ ഇടംപിടിച്ച പലരുടെയും പ്രായപരിധി പോലും ഇതിനകം കടന്നു.
ലിസ്റ്റ് കാലഹരണപ്പെട്ടാല്‍ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം ഇവര്‍ക്ക് പൊലിയുമെന്നുറപ്പാണ്. അധികൃതരുടെ മെല്ലെപോക്കിനെതിരേ സമരത്തിനിറങ്ങിയപ്പോള്‍ ജൂണ്‍ 15നകം പ്രസിദ്ധീകരിക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വാക്കും പാഴായി. കണ്ണൂര്‍ ഒഴികെയുള്ള പല ജില്ലകളിലും നാച്വറല്‍ സയന്‍സില്‍ നിയമനം നടത്തിയിട്ടുണ്ട്. പിന്നാക്കാവസ്ഥയിലുള്ള മലബാര്‍ മേഖലയിലടക്കം 50ലധികം ഒഴിവുണ്ടെങ്കിലും 20ല്‍ താഴെ ഒഴിവേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇതോടെ പലയിടത്തും താല്‍കാലിക നിയമനമാണ് നടത്തുന്നത്. ഇതിന്റെ മറവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും ആള്‍ക്കാരെ നിയമിക്കുമ്പോള്‍ യോഗ്യതയുള്ളവര്‍ തഴയപ്പെടുമെന്നും ഇവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."