ആരോഗ്യപ്രശ്‌നത്തിന് കാരണം കോണ്‍ഗ്രസെന്ന് ബി.ജെ.പി എം.പി
ഭോപ്പാല്‍: തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണം കോണ്‍ഗ്രസെന്ന ആരോപണവുമായി ബി.ജെ.പി നേതാവും ലോക്‌സഭാംഗവുമായ പ്രജ്ഞാ സിങ് താക്കൂര്‍. കോണ്‍ഗ്രസ് ഭരണത്തിലുണ്ടായ പീഡനങ്ങള്‍ കാരണമാണ് തന്റെ കാഴ്ചയടക്കം നഷ്ടപ്പെട്ടതെന്നാണ് നേരത്തേതന്നെ വിവാദ പരാമര്‍ശങ്ങളാല്‍ ശ്രദ്ധേയയായ പ്രജ്ഞയുടെ ആരോപണം.
ഇന്നലെ അന്താരാഷ്ട്ര യോഗദിനത്തില്‍ മധ്യപ്രദേശിലെ ബി.ജെ.പി ആസ്ഥാനത്തു നടന്ന പരിപാടിയില്‍ ഇവരും പങ്കെടുത്തിരുന്നു. ഇവിടെവച്ചായിരുന്നു വിവാദ പരാമര്‍ശം. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ഭരണത്തില്‍ തനിക്കു പലപ്പോഴും മര്‍ദനവും പരുക്കുമേറ്റിരുന്നെന്നും ഇതാണ് പിന്നീട് കാഴ്ചയടക്കം നഷ്ടപ്പെടുന്നതിലേക്ക് എത്തിയതെന്നുമാണ് ഇവരുടെ ആരോപണം.
ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടെന്നും വലതു കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങലുണ്ടെന്നും അവര്‍ വ്യക്തമാക്കി. മലേഗാവ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ജയിലിലായ സംഭവത്തെയാണ് അവര്‍ കോണ്‍ഗ്രസിന്റെ ക്രൂരത എന്നു വിശേഷിപ്പിക്കുന്നത്.
നേരത്തെ, കൊവിഡ് വ്യാപനത്തിനിടയില്‍ എം.പിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് ഇവരുടെ മണ്ഡലത്തില്‍ വ്യാപകമായ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ കാന്‍സറടക്കം ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലാണെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തി ഇവര്‍തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍, പ്രജ്ഞയുടെ ആരോപണത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. മധ്യപ്രദേശിലും കേന്ദ്രത്തിലും വര്‍ഷങ്ങളായി ബി.ജെ.പി ഭരിക്കുമ്പോള്‍ എങ്ങനെയാണ് ഇവര്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മറുചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."