കഴിഞ്ഞ വര്‍ഷം 4008 രജിസ്റ്റര്‍ ചെയ്തത് കേസുകള്‍
ഫൊറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നത് കേസിനെ ബാധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം 4,008 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2008 മുതല്‍ ഓരോ വര്‍ഷവും കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 2008ല്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് 549 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
2009ല്‍ 589 കേസുകളും 2010ല്‍ 596 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2011ല്‍ കേസുകളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടായി. 1452 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ 1324 കേസുകളും 2013ല്‍ 1877 കേസുകളും 2014ല്‍ 2391 കേസുകളും 2015ല്‍ 2384 കേസുകളും രജിസ്റ്റര്‍ ചെയ്തു. പത്തുവര്‍ഷത്തിനിടെ 2012ലും 2015ലും മാത്രമാണ് മുന്‍വര്‍ഷത്തെക്കാള്‍ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്. 2016ല്‍ 2881 കേസുകളും 2017ല്‍ 3543 കേസുകളും രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം 22 കുട്ടികളാണ് കൊലചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2011ലാണ് (47 കേസുകള്‍). കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ വര്‍ഷമാണ് (193 കേസുകള്‍).
കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട് 1204 കേസുകളും ദേഹോപദ്രവും ഏല്‍പ്പിച്ചതിന് 2569 കേസുകളുമാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, പോക്‌സോ കേസുകളില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നത് കേസിന്റെ തുടര്‍നടപടികള്‍ക്ക് തിരിച്ചടിയാകുകയാണ്.
സംസ്ഥാനത്ത് 1300ലധികം പോക്‌സോ കേസുകളാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുന്നത്. ഇതില്‍ എഴുനൂറിലധികം കേസുകളില്‍ റിപ്പോര്‍ട്ടിനായി അധികൃതര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിട്ടു. തലസ്ഥാന ജില്ലയില്‍ മാത്രം 463 കേസുകളാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."