സമസ്ത ഓണ്‍ലൈന്‍ മദ്‌റസ: രണ്ടാം ഘട്ട ക്ലാസുകള്‍ 24 മുതല്‍
ചേളാരി: കോവിഡ്19 ലോക്ക് ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2020 ജൂണ്‍ 1 (1441 ശവ്വാല്‍ 9) മുതല്‍ തുങ്ങിയ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകളുടെ ഒന്നാം ഘട്ടം ഇന്നത്തോടെ (22/06/2020) പൂര്‍ത്തിയായി. നാളെ (23/06/2020) ഒന്നാം ഘട്ട ക്ലാസുകളുടെ റിവിഷനും അവലോകനുമാണ്. മറ്റന്നാള്‍ (24/06/2020) മുതല്‍ രണ്ടാം ഘട്ട ക്ലാസുകള്‍ തുടങ്ങും. അവതരണ രീതിയിലും സാങ്കേതിക വിദ്യയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് രണ്ടാം ഘട്ട ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ളവര്‍ക്ക് പുറമെ പുതുതായി ഉള്‍പ്പെടുത്തിയ അധ്യാപകരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ 36 അംഗ വിദഗ്ദ സംഘമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രണ്ടാം ഘട്ട ക്ലാസുകള്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. എസ്.വി മുഹമ്മദലി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കോഓര്‍ഡിനേറ്റര്‍ കബീര്‍ ഫൈസി ചെമ്മാട് സ്വാഗതവും, മുസ്തഫ ഹുദവി കൊടുവള്ളി നന്ദിയും പറഞ്ഞു.
സമസ്ത ഓണ്‍ലൈന്‍ ചാനല്‍, യൂട്യൂബ്, വെബ്‌സൈറ്റ്, ആപ് എന്നിവ വഴിയും ദര്‍ശന ചാനല്‍ വഴിയുമാണ് ക്ലാസുകള്‍ ലഭ്യമാവുന്നത്. വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതല്‍ 8.30 വരെയാണ് ക്ലാസ് സമയം. ദര്‍ശന ടി.വിയില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ദിവസവും രാവിലെ 7.00 മണി മുതല്‍ 11.15 വരെയാണ് സംപ്രേഷണം ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ യു.എ.ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, അമേരിക്ക, ഇംഗ്ലണ്ട്, മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ജര്‍മനി, ഇന്തോനേഷ്യ, മാലിദ്വീപ്, കാനഡ, നെതര്‍ലാന്റ്, ആസ്‌ത്രേലിയ, പാക്കിസ്ഥാന്‍, ഇറ്റലി, തുര്‍ക്കി, ഇറാഖ്, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, ബെല്‍ജിയം, ഉക്രൈന്‍, പോര്‍ച്ചുഗല്‍, ഈജിപ്ത്, ജപ്പാന്‍, ന്യൂസിലാന്റ്, ബ്രൂണൈ, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, ബ്രസീല്‍, പെസ്‌നി, സ്‌പെയിന്‍, മൊസാമ്പിക്, സൗത്ത് ആഫ്രിക്ക, ഹങ്കറി, ലക്‌സംബര്‍ഗ്, റൊമാനിയ, താല്‍സാനിയ, ബിലാറസ്, വിയറ്റ്‌നാം, കെനിയ, സോമാലിയ, കോങ്കോ, മാള്‍ഡോവ തുടങ്ങി 49 ഓളം രാജ്യങ്ങളിലെ 4.5 കോടിയിലധികം പേര്‍ 19 ദിവസത്തെ ക്ലാസുകള്‍ വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10257 മദ്‌റസകളിലെ 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും പഠനത്തിനായി ക്ലാസുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."