കടല്‍ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍: പുഴമീന്‍ തേടി ഉപഭോക്താക്കള്‍
കൊടുങ്ങല്ലൂര്‍: വിപണിയില്‍ ലഭിക്കുന്ന കടല്‍ മത്സ്യങ്ങളില്‍ അപകടകാരിയായ രാസവസ്തു ഫോര്‍മാലിന്‍ ചേര്‍ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ പുഴ മീന്‍ തേടുന്നു.
ജല സ്രോതസില്‍ നിന്നും നേരിട്ടു വിപണിയിലേക്കെത്തുന്നുവെന്നതാണ് പുഴ മത്സ്യങ്ങളെ ജനപ്രിയമാക്കുന്നത്.
ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നും പിടിക്കുന്ന മത്സ്യങ്ങള്‍ ഒരു സമയം കഴിഞ്ഞാല്‍ കേടുവരുമെന്നതിനാല്‍ കഴിയും വേഗം വിറ്റഴിക്കുകയാണു വിപണിയുടെ തന്ത്രം.
അതു കൊണ്ടു തന്നെ പുഴ മീന്‍ പിന്നത്തേക്ക് മാറ്റിവെയ്ക്കുന്ന പതിവില്ല.ചീനവല, ഊന്നിവല, വീശുവല, ചൂണ്ട തുടങ്ങി വ്യത്യസ്ത മാര്‍ഗ്ഗങ്ങളുപയോഗിച്ചുള്ള ഉള്‍നാടന്‍ മത്സ്യ ബന്ധനവും പരിസ്ഥിതിക്ക് ദോഷകരമല്ല.
ഇതിന് പുറമെ കൂട് മത്സ്യകൃഷിയും വ്യാപകമാകുന്നുണ്ട്. കൊടുങ്ങല്ലൂരില്‍ ആനാപ്പുഴയാണ് പ്രധാന ഉള്‍നാടന്‍ മത്സ്യ വിപണന കേന്ദ്രം.
പതിറ്റാണ്ടുകളായി ആനപ്പുഴ കേന്ദ്രീകരിച്ച് ദിവസവും പുലര്‍ച്ചെ പുഴ മത്സ്യ ചന്ത പ്രവര്‍ത്തിക്കുന്നുണ്ട്.ഈ ചന്തയില്‍ നിന്നും നേരിട്ടും മത്സ്യ വില്‍പ്പനക്കാര്‍ വഴി വീട്ടുമുറ്റത്തും പുഴ മീന്‍ വാങ്ങാന്‍ കഴിയും.
ഇതിന് പുറമെ ആനപ്പുഴ, കൃഷ്ണന്‍ കോട്ട കടവുകളിലും പുഴ മീന്‍ വില്‍പ്പനക്കുണ്ട്. കാഞ്ഞിരപ്പുഴ, കനോലി കനാല്‍ എന്നിവയാണ് കൊടുങ്ങല്ലൂരിലെ പ്രധാന ഉള്‍നാടന്‍ മത്സ്യ കേന്ദ്രങ്ങള്‍.
കടല്‍മീനുകള്‍ക്ക് ഫോര്‍മാലിന്‍ ചീത്തപ്പേരുണ്ടാക്കിയതോടെ പുഴ മീനിന് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്.
ഫോര്‍മാലിന്‍ ചേര്‍ത്ത കടല്‍ മീന്‍ ക്യാന്‍സറിന് കാരണമാകുമെങ്കില്‍ പുഴ മീന്‍ ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. പുഴ മീന്‍ കരളിനു കാവലാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."