സഊദിയില്‍ യുവതിയുടെ കാര്‍ കത്തിച്ചു; പുതിയ കാര്‍ വാഗ്ദാനം ചെയ്ത് മക്ക മുനിസിപ്പില്‍ കൗണ്‍സില്‍
ജിദ്ദ: മക്ക സ്വദേശിനിയായ സല്‍മ അല്‍ ഷെരീഫ്(31) എന്ന വനിതയുടെ കാര്‍ കത്തിച്ച സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പെട്രോള്‍ കൊണ്ടുവരികയും രണ്ടാമന്‍ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതര്‍ പറഞ്ഞു.
അതിനിടെ, വാഹനം നഷ്ടമായ സല്‍മ അല്‍ ഷരീഫിന് ഏറ്റവും പുതിയ മോഡല്‍ കാര്‍ വാങ്ങി നല്‍കുമെന്ന് മക്ക മുനിസിപ്പില്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഫഹദ് അല്‍ റൂഖി അറിയിച്ചു.
കാഷ്യറായി ജോലി ചെയ്യുന്ന സല്‍മയാണു പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികള്‍ക്കു പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മക്ക ഗവര്‍ണറേറ്റ് വ്യക്തമാക്കി.
പ്രശ്‌നപരിഹാരം ആകുംവരെ യുവതിക്കു വാഹന സൗകര്യം നല്‍കാനും ചിലര്‍ രംഗത്തെത്തി. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് അക്രമികള്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്.
വാഹനമോടിക്കുന്നതു സംബന്ധിച്ച് അയല്‍വാസി നേരത്തെ മോശമായി പെരുമാറിയെന്നും ശകാരിച്ചെന്നും സല്‍മ പറയുന്നു. വാഹനമോടിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കുറഞ്ഞു. നേരത്തെ വരുമാനത്തിന്റെ പകുതിയും ചെലവഴിച്ചിരുന്നതു ഡ്രൈവര്‍ക്കു ശമ്പളം കൊടുക്കാനായിരുന്നെന്നും അവര്‍ പറയുന്നു.
ശൂറ കൗണ്‍സില്‍ വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സല്‍മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 24നായിരുന്നു സഊദിയില്‍ വനിതകള്‍ വാഹനമോടിച്ചു തുടങ്ങിയത്. 120,000 വനിതകള്‍ ഇതിനകം ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."