ട്രാന്‍സ്‌ജെന്‍ഡര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കോഴിക്കോട്: നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കാണപ്പെട്ടത്. മൈസൂര്‍ സ്വദേശിയായ ഷാലു(40)വാണ് മരിച്ചത്. കണ്ണൂരിലാണ് ഇവര്‍ താമസിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ പത്ര വിതരണത്തിനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. കഴുത്തില്‍ തുണി കൊണ്ടുള്ള കുരുക്ക് മുറുകിയ നിലയില്‍ നിലത്താണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തില്‍ പോറലേറ്റ പാടുകളുമുണ്ട്. തന്നെ ആരോ ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഷാലു ഫോണില്‍ വിളിച്ചിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസിലിരുന്നാണ് ഫോണ്‍ വിളിച്ചത്. സിസിലി തന്നെയാണ് ഇക്കാര്യം പൊലിസിനോട് പറഞ്ഞതും സംഭവ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞതും.
കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നിന്നിരുന്നതായാണ് വിവരം. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി പൊലിസ് കമ്മിഷണര്‍ എ. വി ജോര്‍ജും വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. നടക്കാവ് പൊലിസിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."