ഗല്‍വാനിലെ ചൈനീസ് നിര്‍മാണപ്രവൃത്തികളും സൈനികവിന്യാസവും വ്യക്തമാക്കി ഉപഗ്രഹ ചിത്രം
ശ്രീനഗര്‍: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ മേഖലയിലെ അതിര്‍ത്തിയില്‍ ചൈന വന്‍ നിര്‍മാണ പ്രവൃത്തികളും സൈനിക വിന്യാസവും നടത്തിയത് വ്യക്തമാക്കി ഉപഗ്രഹ ചിത്രം. ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. ഗല്‍വാന്‍ നദീ താഴ് വരയില്‍ യഥാര്‍ഥ നിയന്ത്രണരേഖക്ക് സമീപം ചൈന തയാറാക്കിയ സൈനിക ടെന്റുകളടക്കമുള്ള സന്നാഹങ്ങള്‍ ഹൈറെസല്യൂഷനിലെ പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നു.
ജൂണ്‍ 15ന് ചൈനീസ് സൈനികരുടെ ആക്രമണം നടന്ന പെട്രോള്‍ പോയിന്റ് 14ന് സമീപത്തെ ഉപഗ്രഹ ചിത്രമാണിത്. നേരത്തെ മേയ് 22നുള്ള സാറ്റലൈറ്റ് ചിത്രത്തില്‍ പ്രദേശത്ത് ഒരു ചൈനീസ് ടെന്റ് മാത്രമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം, വിദേശകാര്യ മന്ത്രാലയത്തിലെ പൂര്‍വേഷ്യ വിഭാഗം ജോ.സെക്രട്ടറിയും ചൈനീസ് വിദേശകാര്യ ഡയറക്ടറും നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ കിഴക്കന്‍ ലഡാക്കില്‍നിന്ന് സൈന്യങ്ങളെ പിന്‍വലിക്കാനുള്ള ധാരണ അതിവേഗം നടപ്പാക്കാന്‍ തീരുമാനമായിരുന്നു. വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."