സഹകരണ ബാങ്ക് ജീവനക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തി
കണ്ണൂര്‍: സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ 36 പേരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയതിലും ജോയിന്റ് രജിസ്ട്രാര്‍ നല്കിയ വാഗ്ദാനം ലംഘിച്ചതില്‍ പ്രതിഷേധിച്ച് സഹകരണ ബാങ്ക് ജീവനക്കാര്‍ ജെ.ആര് ഓഫിസിന് മുന്പില് കുത്തിയിരിപ്പ് സമരം നടത്തി. ജില്ലാ സഹകരണബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ്, ജില്ലാ ബാങ്ക് എംപ്ലോയിസ് യൂനിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജീവനക്കാര്‍ സമരം നടത്തിയത്. വനിതാ ജീവനക്കാരുള്‍പ്പെടെയുള്ളവരെ ജൂണ്‍ 28ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ജെ.ആര് ഉറപ്പ് നല്‍കിയിരുന്നു. ജെ.ആറിന്റെ ഉറപ്പിന് പിന്നാലെ ഇടത് അനുകൂല സംഘടനകള്‍, ജീവനക്കാരോട് യൂനിയന്‍ മാറണമെന്നും ഇത് എഴുതി നല്കിയാല് സ്ഥലം മാറ്റത്തില്‍ നിന്ന് ഒഴിവാക്കി തരാമെന്നും പറഞ്ഞ് നിര്‍ബന്ധിച്ച് യൂനിയനില്‍ അംഗത്വം എടുക്കാനും ശ്രമം നടത്തിരുന്നു. ഇതിനെതിരേയാണ് ജീവനക്കാര്‍ ജെ.ആര് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. വിവരമറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, സി.എ അജീര്‍, ജോഷി കണ്ടത്തില്‍ എന്നിവര്‍ സമരക്കാരെ സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിച്ചു. മനോജ് കൂവേരി, എം.കെ ശ്യാംലാല്‍, പി. സുനില്‍കുമാര്‍, പി. വിനോദകുമാര്‍, എ.കെ സതീശന്, കെ. ദിലീപ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."