രാഹുലിന്റെ ഭൂരിപക്ഷത്തെക്കുറിച്ചും ചര്‍ച്ച സജീവം
മലപ്പുറം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലമായി വയനാട് പ്രഖ്യാപിച്ചതിനു പിന്നാലെ കിട്ടാന്‍ പോകുന്ന ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചയും സജീവമായി.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം.ഐ ഷാനവാസിന് സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വയനാടിന്റെ റെക്കോര്‍ഡ് മലപ്പുറത്ത് 2014ലും 2017ലെ ഉപതെരഞ്ഞെടുപ്പിലും മുസ്്‌ലിം ലീഗ് തിരുത്തിക്കുറിച്ചിരുന്നു. യു.പി.എ അധ്യക്ഷനും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ വരവോടെ ഈ റെക്കോര്‍ഡും തിരുത്തപ്പെടുമോ എന്ന് കൗതുകത്തോടെ ഉറ്റുനോക്കുന്നവര്‍ ഏറെയാണ്.
1993ല്‍ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എസ്. ശിവരാമന്‍ നേടിയ 1,32,652 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഏറെക്കാലം സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം. 2009ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച എം.ഐ ഷാനവാസ് ഈ റൊക്കോര്‍ഡ് മറികടന്നു. അന്നത്തെ സി.പി.ഐ സ്ഥാനാര്‍ഥിയും നിലവില്‍ മുസ്്‌ലിം ലീഗ് നേതാവുമായ എം. റഹ്്മത്തുല്ലയെ 1,53,439 വോട്ടിന്റെ ഭൂരപക്ഷത്തിന് തോല്‍പ്പിച്ചാണ് വയനാട് ചുരം കയറിയെത്തിയ എം.ഐ ഷാനവാസ് പുതിയ റെക്കോര്‍ഡിട്ടത്്. അന്ന് പോള്‍ ചെയ്ത 49.86 ശതമാനം (4,10,703)വോട്ടുകളും ഷാനവാസിന്റെ പെട്ടിയിലാണ് വീണത്്.
എന്നാല്‍ ഈ റെക്കോര്‍ഡ് തിരുത്തപ്പെടാന്‍ അഞ്ചു വര്‍ഷം മാത്രമേ വേണ്ടിവന്നുള്ളൂ. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച ഇ. അഹമ്മദ് 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാര്‍ലമെന്റിലെത്തിയത്്. ഇതോടെ ലീഗായി ഭൂരിപക്ഷത്തില്‍ ഒന്നാമത്്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വോട്ടിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ടെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഇ. അഹമ്മദിനെ മറികടക്കാനായില്ല. 5,15,325 വോട്ടുകള്‍ നേടി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണം വോട്ടു പിടിച്ച കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം 1,71,023 വോട്ടുകളായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ലീഡോടെ വിജയിച്ച ജനപ്രതിനിധികളില്‍ ഒന്നാമന്‍ മുസ്്‌ലിം ലീഗിലെ ഇ. അഹമ്മദും രണ്ടാമന്‍ പി.കെ കുഞ്ഞാലിക്കുട്ടിയുമായി. മൂന്നാമത് എം.ഐ ഷാനവസാണ്.
ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി മുന്നിലെത്തിയ ലീഗിനെ പിന്നിലാക്കാന്‍ എം.ഐ ഷാനവാസിന്റെ അതേ തട്ടകത്തില്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുകമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. സംസ്ഥാന ചരിത്രത്തിലെ മികച്ച ഭൂരിപക്ഷത്തിന് രാഹുല്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ ഒരേസ്വരത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."