നിഷാദ് പാര്‍ട്ടി മഹാസഖ്യം വിട്ടത് 50 കോടി വാങ്ങിയെന്ന് ആരോപണം
ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പടുത്തിയ നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദാ (നിഷാദ്) പാര്‍ട്ടി മതേതര മഹാസഖ്യം വിട്ടത് 50 രൂപ വാങ്ങിയെന്ന് ആരോപണം. സമാജ്വാദി പാര്‍ട്ടിയുടെ ഗോരഖ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി രംഭുലാല്‍ നിഷാദാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടാണ് പാര്‍ട്ടിക്ക് പണം നല്‍കിയതെന്നും പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദാണ് ആദിത്യനാഥില്‍ നിന്ന് 50 കോടി കൈപ്പറ്റിയതെന്നും രംഭുലാല്‍ ആരോപിച്ചു. കഴിഞ്ഞദിവസമാണ് എസ്.പിയും ബി.എസ്.പിയും നേതൃത്വം നല്കുന്ന മഹാസഖ്യം വിടുന്നതായും എന്‍.ഡി.എയുമായി സഹകരിക്കുമെന്നും നിഷാദ് പാര്‍ട്ടി പ്രഖ്യാപിച്ചത്.
2017ല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് ഒഴിവുവന്ന ഗോരഖ്പൂര്‍ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന നിഷാദ് പാര്‍ട്ടിയാണ് ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കിയത്. ഗോരഖ്പുരില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ മത്സരിച്ചത് നിഷാദ് പാര്‍ട്ടിക്ക് പകരം എസ്.പിയുടെ ചിഹ്നത്തിലായിരുന്നു.
പൊതുതെരഞ്ഞെടുപ്പില്‍ ഇത്തവണ നിഷാദ് പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ഇതേചൊല്ലി എസ്.പിയുമായി ഉടക്ക് നിലനില്‍ക്കെയാണ് നിഷാദ് പാര്‍ട്ടി എന്‍.ഡി.എയിലെത്തിയത്. നിഷാദ് പാര്‍ട്ടി മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി രംഭുലാലിനെ എസ്.പി ഗോരഖ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. 15 ശതമാനത്തോളം നിഷാദ് ജനതയുള്ള ഗോരഖ്പൂരിലാണ് നിഷാദ് പാര്‍ട്ടിക്ക് ഏറ്റവുമധികം സ്വാധീനമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."