ഏറ്റുമാനൂരിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ഹരിതകര്‍മ സേന
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും അടുക്കളത്തോട്ടം ഉള്‍പ്പെടെയുള്ള ചെറുകിട പച്ചക്കറി കൃഷികള്‍ക്കും ഇനി ഹരിതകര്‍മസേന നേതൃത്വം നല്‍കും. ഇതിനായി ഒരു വാര്‍ഡില്‍ നിന്ന് രണ്ട് അംഗങ്ങള്‍ വീതമുള്ള ഹരിതകര്‍മസേനയുടെ രൂപീകരണത്തിന് തുടക്കമായി.
പദ്ധതിക്കായി അറുപതിലധികം ആളുകളെ തിരഞ്ഞെടുത്തുകഴിഞ്ഞു. നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതിയുടെ നേതൃത്വത്തിലുള്ള പദ്ധതിക്ക് കഴിഞ്ഞ കൗണ്‍സിലില്‍ അംഗീകാരം ലഭിച്ചിരുന്നു. മുപ്പത്തഞ്ച് വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. കൗണ്‍സിലര്‍മാര്‍ മുഖേന കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന എഴുപത് വനിതകള്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും.
എല്ലാ വാര്‍ഡുകളിലും വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് ഇവരായിരിക്കും. വീടുകളില്‍ മാലിന്യനിര്‍മാര്‍ജ്ജനത്തിനായി റിങ് കമ്പോസ്റ്റ് നല്‍കുന്നത് പലപ്പോഴും ശരിയായി പരിപാലിക്കാറില്ല. റിംഗ് കമ്പോസ്റ്റിലൂടെ ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് എല്ലാ വീടുകളിലും അടുക്കളതോട്ടം പ്രായോഗികമാക്കും. റിങ് കമ്പോസ്റ്റ് പരിപാലനത്തിലും ജൈവകൃഷിയിലും പരിശീലനം ലഭിക്കുന്ന ഹരിതകര്‍മസേന അംഗങ്ങള്‍ തന്നെ ഇതിനും നേതൃത്വം നല്‍കും.
കോളനികള്‍, പൊതുനിരത്തുകള്‍, മാര്‍ക്കറ്റ് തുടങ്ങി വിവിധഭാഗങ്ങളിലായി സ്ഥാപിക്കുന്ന തൂമ്പൂര്‍മൂഴി മോഡലിലുള്ള മാലിന്യസംസ്‌കരണ യൂനിറ്റുകള്‍, നഗരസഭയുടെ കീഴില്‍ സ്ഥാപിക്കുവാനുദേശിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഹരിതകര്‍മസേനാ അംഗങ്ങളെ വിന്യസിക്കും. നഗരസഭയുടെ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനചുമതല ഭാവിയില്‍ ഇവര്‍ക്കായിരിക്കും. സേനാംഗങ്ങള്‍ക്ക് പ്രത്യേക യൂമിഫോമും ശമ്പളവും ഉണ്ടാകും.
നഗരസഭയുടെ വി.ജി.എസ് ഫണ്ടില്‍ നിന്ന് 33 ശതമാനം ഇവരുടെ ശമ്പളത്തിനും മറ്റും വിനിയോഗിക്കാം. ഹോട്ടലുകളിലെ മാലിന്യസംസ്‌കരണത്തിന് വ്യാപാരികളില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കും. ഇങ്ങനെ വിവിധ തലങ്ങളിലൂടെ ലഭിക്കുന്ന തുക ശുചീകരണരംഗത്തുള്ള ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി മോഹന്‍ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."