തലയില്‍ ചക്ക വീണു, പരിശോധനയില്‍ കൊവിഡ്: രോഗം ഭേദമായെങ്കിലും റോബിന് മരണത്തിനു കീഴടങ്ങി
രാജപുരം(കാസര്‍കോട്): തലയില്‍ ചക്ക വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സക്കിടെ കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ കൊവിഡ് ഭേദമായെങ്കിലും ഒടുവില്‍ മരണത്തിനു കീഴടങ്ങി. എണ്ണപ്പാറ മുക്കുഴി കരിയത്ത് കോത്തൂര്‍ റോബിന്(42) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
മെയ് 19ന് പറമ്പില്‍ നിന്നും റോബിന്റെ തലയില്‍ ചക്ക വീഴുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് ഇയാള്‍ക്ക് കൊവിഡ് കണ്ടെത്തിയത്. തനിച്ചു പറമ്പിലേക്ക് ചക്ക പറിക്കാന്‍ പോയ റോബിന് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ബോധരഹിതനായി കണ്ടെത്തിയത്.
സാരമായ പരുക്കേറ്റതിനാല്‍ ശസ്ത്രക്രിയ ആവശ്യമായിരുന്നു. കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാസര്‍കോട്ടു നിന്നുള്ള രോഗിയായതിനാല്‍ സ്രവം പരിശോധിക്കുകയായിരുന്നു. ഫലം വന്നതോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എന്നാല്‍ വിദേശങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരുമായോ റോബിന് സമ്പര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ ചികിത്സയില്‍ റോബിന്റെ കൊവിഡ് സുഖപ്പെട്ടിരുന്നു.
കഴുത്തിനേറ്റ പരുക്കിന്റെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
പരേതനായ കോട്ടൂര്‍ തോമസ്, റോസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അല്‍ഫോണ്‍സ.
മക്കള്‍: റിയ, റോണ്‍. സഹോദരങ്ങള്‍: ജോണ്‍, റോയി, റീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."