മാണിയെ വിളിക്കില്ല, സ്വയം മടങ്ങിവരാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.എം മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചതിന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെതിരേ യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം. ജനതാദള്‍ യുനൈറ്റഡ് പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്.
മാണി സ്വയം പോയതാണ്. അതിനാല്‍ മുന്നണിയിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മാണിയാണ്. എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാം. തിരികെവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അപ്പോള്‍ ആലോചിച്ചാല്‍ മതിയെന്നും നേതൃയോഗം വ്യക്തമാക്കി. എന്നാല്‍, ബാലകൃഷ്ണ പിള്ള അടക്കമുള്ളവര്‍ക്ക് ഇത് ബാധകമല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. മുസ്‌ലിംലീഗ് പ്രതിനിധികളായി പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍ എന്നിവരെ പുതുതായി യു.ഡി.എഫ് ഏകോപന സമിതിയില്‍ ഉള്‍പ്പെടുത്തി.
അന്തരിച്ച മുസ്‌ലിം ലീഗ് നേതാവ് ഇ. അഹമ്മദിനും എം.പിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കും പകരക്കാരായാണ് ഇവരെ ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രതിനിധികളായി കെ.പി.സി.സിയുടെ മുന്‍ അധ്യക്ഷന്‍മാരായ വി.എം സുധീരന്‍, കെ. മുരളീധരന്‍ എന്നിവരെയും ഏകോപന സമിതിയില്‍ ഉള്‍പ്പെടുത്തി.
ഫോര്‍വേഡ് ബ്ലോക്കിനെ ഘടകകക്ഷിയായി അംഗീകരിക്കുകയും ചെയ്തു. ഘടകകക്ഷികയായി അംഗീകരിച്ചതോടെ ഫോര്‍വേഡ് ബ്ലോക്കിന്റെ രണ്ട് പ്രതിനിധികള്‍ക്ക് പ്രത്യേക ക്ഷണിതാക്കളായി ഏകോപന സമിതിയില്‍ പങ്കെടുക്കാം.
പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് മാറ്റിയത് അധാര്‍മികമെന്ന് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് എതിരല്ല. എന്നാല്‍ , വിശ്വാസികള്‍ക്ക് മനഃപ്രയാസമുണ്ടാക്കുന്ന രീതിയിലാണ് അതു നടത്തിയത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന വാദം ആരും വിശ്വസിക്കില്ല. എല്‍.ഡി.എഫിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. പൊലിസിന്റെ നിയന്ത്രണം ആഭ്യന്തര മന്ത്രിയുടെ കൈവിട്ടു പോയെന്നും അദ്ദേഹം പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആയി പോകുന്ന ഒഴിവില്‍ പ്രതിപക്ഷ ഉപനേതാവ് ആരെന്നത് മുസ്‌ലിംലീഗിന്റെ തീരുമാനത്തിന് വിട്ടു. മെയ് 21 മുതല്‍ 26 വരെ നടക്കുന്ന ആദ്യ സര്‍ക്കാരിന്റെ 60 ാം വാര്‍ഷികാഘോഷങ്ങളില്‍ യു.ഡി.എഫ് പ്രതിനിധികള്‍ പങ്കെടുക്കില്ല. പെന്‍ഷന്‍പോലും കൊടുക്കാനില്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.
മെയ് 25ന് 140 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ഒന്നും ശരിയാക്കാത്ത സര്‍ക്കാരിന്റെ വാര്‍ഷികത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. മെയ് 30ന് സംസ്ഥാന സര്‍ക്കാരിന്റെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തൊട്ടാകെ ജനകീയ സദസുകള്‍ സംഘടിപ്പിക്കാനും യു.ഡി.എഫ് ഏകോപന സമിതി തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."