രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഇടതുമുന്നണിക്ക് വെല്ലുവിളിയല്ല
? വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ എങ്ങനെ കാണുന്നു
ബി.ജെ.പി ദുര്‍ബലമായ പ്രദേശത്ത് മതേതരകക്ഷികള്‍ പരസ്പരം മത്സരിക്കുന്നതിനെ വലിയ കാര്യമായി എടുക്കേണ്ടതില്ല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയല്ല.
ഇടതുമുന്നണി കേരളത്തില്‍ ശക്തമായ ജനകീയാടിത്തറയുള്ള പ്രസ്ഥാനമാണ്. വയനാട് മണ്ഡലത്തിന്റെ രാഷ്ട്രീയബലാബലം പരിശോധിക്കുമ്പോള്‍ അതു വ്യക്തമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തിന്റെ കണക്കെടുത്താലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും നിയസഭാ തെരഞ്ഞെടുപ്പിലെയും വോട്ടിങ് ശതമാനം പരിശോധിച്ചാലും അതു വ്യക്തവുമാണ്. കേരളത്തില്‍ ഇടതുമുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും തമ്മിലാണ് മത്സരം.
ഈ മത്സരത്തില്‍ ഇടതുമുന്നണിക്കാണ് കേരളത്തില്‍ മേല്‍ക്കൈ നേടാന്‍ കഴിയുക. ബി.ജെ.പി ക്ക് ഇതിനിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുകയില്ല. വയനാട്ടില്‍ ബി.ജെ.പി അത്രവലിയ വേരോട്ടമുള്ള പ്രസ്ഥാനവുമല്ല.
? രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം രാജ്യത്തെ മതേതരബദലിന്റെ മുന്നേറ്റത്തെ ബാധിക്കുമോ
ദേശീയതലത്തില്‍ വളരെ നിര്‍ണയാകമായ തെരഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ ഭരണഘടനയും മതേതര ജനാധിപത്യ മൂല്യങ്ങളും നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ബി.ജെ.പി ഭരണത്തിലൂടെ രാജ്യത്ത് സംജാതമായിട്ടുള്ളത്. നരേന്ദ്രമോദിയുടെ ദുര്‍ഭരണവും വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്ന നടപടികളും അവസാനിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഐക്യത്തിന് ആവശ്യമാണ്. അതുകൊണ്ടു തന്നെ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയണം.
കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള വികാരം പ്രകടിപ്പിച്ചത് നാം കണ്ടതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ തൂത്തെറിയപ്പെട്ടു. ജനങ്ങളുടെ ഈ വികാരമാണ് രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികള്‍ ഉള്‍ക്കൊണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലും അതിനനുസൃതമായ കൂട്ടുകെട്ടുകള്‍ രൂപപ്പെട്ടത്. ഓരോ സംസ്ഥാനത്തും ഏറ്റവും ശക്തമായ മതേതര ജനാധിപത്യ പ്രസ്ഥാനത്തെ മറ്റുള്ള രാഷ്ട്രീയകക്ഷികള്‍ പിന്തുണയ്ക്കട്ടെയെന്ന ഫോര്‍മുല രൂപപ്പെടുത്തിയത്.
ഇക്കാര്യത്തില്‍ മുഖ്യ പങ്ക് എന്‍.സി.പി അധ്യക്ഷന്‍ ശരത്പവാറിനുണ്ട്. ഇടതുപക്ഷ കക്ഷികളും കോണ്‍ഗ്രസും ഈ നിലപാടിനെ പിന്തുണയ്ക്കുന്നവരാണ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമായതിനാല്‍ ചില പ്രാദേശിക വിഷയങ്ങളുടെ പേരില്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ ആരും തയാറാകുകയില്ല. അതുകൊണ്ടു തന്നെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം രാജ്യത്തെ ബി.ജെ.പി.വിരുദ്ധ മതേതരകക്ഷികളുടെ രാഷ്ട്രീയ തീരുമാനങ്ങളെ മാറ്റിമറിക്കുകയുമില്ല. പക്ഷെ അതിനെ ബി.ജെ.പി പ്രചാരണായുധമാക്കുമെന്നതാണ് പ്രശ്‌നം. അതാണ് പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കാണിക്കുന്നതും.
? രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന അഭ്യര്‍ഥന ശരത് പവാറും നടത്തിയിരുന്നല്ലോ
ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇടതുപക്ഷത്തിനെതിരേ രാഹുല്‍ മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് എന്‍.സി.പി നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തോട് പറഞ്ഞിരുന്നു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ബി.ജെ.പി പ്രചാരണായുധമാക്കുമന്ന ആശങ്കയും പങ്കുവച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് വയനാട്ടില്‍ രാഹുലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. അതുകൊണ്ട് ഈ വിഷയം ഇപ്പോള്‍ പ്രസക്തമല്ല. ബി.ജെ.പി ദുര്‍ബലമായ സ്ഥലങ്ങളില്‍ മതേതര കക്ഷികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യമുണ്ട്. പല സംസ്ഥാനങ്ങളിലുമുണ്ട്. ലക്ഷദ്വീപില്‍ കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ മത്സരിക്കുകയാണ്. അവിടെ ബി.ജെ.പിക്ക് പ്രസക്തിയില്ല. ബി.ജെ.പി ശക്തമായ സ്ഥലങ്ങളില്‍ മതേതതര ബദലിനായി നീക്കുപോക്കുകള്‍ ആവശ്യമാണ്. അതിനായാണ് മതേതരജനാധിപത്യ കക്ഷികള്‍ ശ്രമിക്കുന്നത്.
? കേരളത്തില്‍ എന്‍.സി.പി ക്ക് ഇടതുമുന്നണി സീറ്റ് നല്‍കാതെ വന്നസാഹചര്യത്തെ എങ്ങനെ കാണുന്നു
കേരളത്തില്‍ എന്‍.സി.പി ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജയം പ്രധാന മാനദണ്ഡമാക്കിയാണ് ഇടതുമുന്നണിയില്‍ സീറ്റ് വിഭജനം നടത്തിയത്. മുന്നണിയിലെ ഏറ്റവും ശക്തരായ പാര്‍ട്ടികള്‍ മത്സരിക്കുന്നതാണ് വിജയം കരസ്ഥമാക്കാന്‍ നല്ലതെന്ന തീരുമാനം മറ്റു ഘടകകക്ഷികള്‍ക്കൊപ്പം എന്‍.സി.പിയും അംഗീകരിക്കുകയായിരുന്നു. പ്രബല മതേതര കക്ഷിയെ പിന്തുണയ്ക്കുന്ന ദേശീയ തലത്തിലെ ഫോര്‍മുലയ്ക്കാണ് ഇവിടെ എന്‍.സി.പി പരിഗണന നല്‍കിയത്.
ഇടതുമുന്നണിയുടെ വിജയത്തിനായി എന്‍.സി.പി 20 മണ്ഡലങ്ങളിലും ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ യാതൊരു പരാതിയോ ആശങ്കയോ പാര്‍ട്ടിയിലില്ല. അത്തരത്തിലുള്ള കാര്യങ്ങളെല്ലാം വെറും വാര്‍ത്തകളാണ്.
? മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനു സീറ്റ് നല്‍കിയപ്പോള്‍ സി.പി.എമ്മിനെ ഒഴിവാക്കിയ എന്‍.സി.പി നടപടി കേരളത്തില്‍ സീറ്റ് തരാത്തതിന്റെ മറുപടിയാണോ
മഹാരാഷ്ട്രയില്‍ എന്‍.സി.പിയാണ് പ്രബലകക്ഷി എന്നതുകൊണ്ടാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. അവിടത്തെ സീറ്റ് ധാരണയ്ക്ക് കേരളവുമായി ഒരു ബന്ധവുമില്ല. ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ട സീറ്റ് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. അതുകൊണ്ടാണ് അവര്‍ ആവശ്യപ്പെട്ട മണ്ഡലം നല്‍കാന്‍ കഴിയാതെപോയത്.
എന്‍.സി.പിയുടെ കൈവശമുള്ള സീറ്റുകളാണ് ഇടതുകക്ഷികള്‍ക്ക് നല്‍കാമെന്ന് അറിയിച്ചത്. ഇപ്പോഴും രണ്ട് സീറ്റ് ഒഴിച്ചിട്ടാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. അവിടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായിട്ടില്ല. ബി.ജെ.പിയെ പുറത്താക്കിക്കൊണ്ടുള്ള ഒരു ബദല്‍ സര്‍ക്കാര്‍ എന്ന ആശയത്തിന് ലഭിക്കുന്ന സ്വീകാര്യത ഉള്‍ക്കൊണ്ടു തന്നെയായിരിക്കും എന്‍.സി.പി മുന്നോട്ടുപോകുക. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബി.ജെ.പി പുറത്താക്കപ്പെടുകയും ശക്തമായ ഒരു ബദല്‍സര്‍ക്കാര്‍ രൂപപ്പെടുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."