പൂട്ടാന്‍ പോകുന്ന 100 സ്‌കൂളുകള്‍ അധ്യാപക സംഘടന ദത്തെടുക്കുന്നു
കണ്ണൂര്‍: സംസ്ഥാനത്ത് കുട്ടികള്‍ കുറഞ്ഞതു മൂലം പൂട്ടാന്‍ സാധ്യതയുള്ള 100 സ്‌കൂളുകള്‍ അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ ദത്തെടുക്കുന്നു. സി.പി.ഐയുടെ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യുവിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്താകമാനം 100 സ്‌കൂളുകള്‍ ദത്തെടുത്ത് പശ്ചാത്തല സൗകര്യവും പഠനനിലവാരവും വര്‍ധിപ്പിക്കാനും അതിലൂടെ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതി തയാറാക്കിയത്. നിലവില്‍ സംസ്ഥാനത്ത് നിരവധി സ്‌കൂള്‍ മാനേജര്‍മാര്‍ സ്‌കൂളുകള്‍ പൂട്ടാനുള്ള അനുമതിക്കായി ഹരജി നല്‍കിയിട്ടുണ്ട്.
\
പൂട്ടാന്‍ അനുമതി കാത്തിരിക്കുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിനാണു സംഘടന മുന്‍ഗണന നല്‍കുന്നത്. കുട്ടികള്‍ കുറഞ്ഞ സര്‍ക്കാര്‍ സ്‌കൂളുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ദത്തെടുക്കുന്ന സ്‌കൂളുകളുടെ ആസ്തിബാധ്യതകള്‍ ഏറ്റെടുക്കുന്നതു വന്‍ ബാധ്യത വരുത്തുമെന്നതിനാല്‍ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കാതെ തന്നെ സ്‌കൂളിന്റെ പഠനനിലവാരവും പശ്ചാത്തല സൗകര്യവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് എ.കെ.എസ്.ടി.യു ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതുപ്രകാരം ഏറ്റെടുക്കുന്ന സ്‌കൂളില്‍ ആദ്യം സര്‍വേ നടത്തി കുട്ടികള്‍ കുറയാനുള്ള സാഹചര്യം മനസിലാക്കും. പിന്നീട് പ്രദേശത്തെ പഞ്ചായത്ത് ഭാരവാഹികള്‍, പി.ടി.എ, സ്‌കൂള്‍ സ്റ്റാഫ് എന്നിവരുടെ യോഗം വിളിച്ച് സര്‍വേയിലെ കണ്ടെത്തലുകള്‍ വ്യക്തമാക്കിയ ശേഷം കൂടുതല്‍ കുട്ടികളെ സ്‌കൂളുകളിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും.
കേരളത്തില്‍ ഇംഗ്ലീഷ് മീഡിയത്തോട് രക്ഷിതാക്കളുടെ താല്‍പര്യം വര്‍ധിക്കുന്നതാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനു കാരണമെന്നാണ് സംഘടനയുടെ പ്രാഥമികവിലയിരുത്തല്‍. ദത്തെടുക്കുന്ന സ്‌കൂളുകളില്‍ ഈ പ്രശ്‌നം ഒഴിവാക്കാന്‍ എ.കെ.എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് വിഷയത്തില്‍ എംപവര്‍മെന്റ് കോച്ചിങ് നല്‍കും.
കൂടുതല്‍ പരിഗണന ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് സംഘടനയുടെ നേതൃത്വത്തില്‍ തന്നെ മികച്ച ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുകയും ഇതിനാവശ്യമായ ഫണ്ട് പി.ടി.എ, ഗ്രാമപഞ്ചായത്ത്, സ്‌കൂള്‍ സ്റ്റാഫ് എന്നിവരടങ്ങിയ കമ്മിറ്റിയില്‍ നിന്ന് സ്വരൂപിക്കുകയും ചെയ്യും. കൂടാതെ ഏറ്റെടുക്കുന്ന സ്‌കൂളില്‍ മികച്ച ലാബ്, ലൈബ്രറി സൗകര്യങ്ങളും സംഘടന സ്വന്തം ചെലവില്‍ സ്ഥാപിക്കും. പദ്ധതിയുടെ ഉദ്ഘാടനം 25നു തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ സ്വന്തം മക്കളെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ത്താല്‍ സംഘടനയില്‍ നിന്ന് പുറത്താകുമെന്ന പുതിയ മാനദണ്ഡവും എ.കെ.എസ്.ടി.യു നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ഈ മാനദണ്ഡം സംഘടനയുടെ സബ്ജില്ലാ തലം വരെയുള്ള നേതാക്കള്‍ക്ക് ബാധകമാണെങ്കിലും മുഴുവന്‍ മെമ്പര്‍മാര്‍ക്കും നിര്‍ബന്ധമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."