സ്വര്‍ണവില കുതിക്കുന്നു
പവന് 35,920
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചു കുതിക്കുന്നു. ഇന്നലെ രണ്ടുതവണയായി പവന് 400രൂപയാണ് കൂടിയത്. ഗ്രാമിന് 50രൂപയും ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 35,920രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. ഒരുഗ്രാമിന് 4490രൂപയിലുമെത്തി. രാജ്യാന്തരവിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷത്തിനു അയവുവരാത്തതാണ് വില ഉയരാന്‍ കാരണം.
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1770 ഡോളര്‍ നിലവാരത്തിലേക്ക് വില ഉയര്‍ന്നു. കൊവിഡ് പ്രതിസന്ധിയില്‍ ആഗോള വിപണിയില്‍ മാന്ദ്യം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റിയതും വില കൂടാന്‍ കാരണമാകുന്നുണ്ട്. 24ന് പവന് 35760 രൂപയായി ഉയര്‍ന്ന സ്വര്‍ണവില 26ന് 35520രൂപയായി താഴ്ന്നിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും വില കുത്തനെ കൂടി സര്‍വകാല റെക്കോര്‍ഡിലെത്തുകയായിരുന്നു. ആറുമാസത്തിനിടെ സ്വര്‍ണത്തിന് 6920രൂപയാണ് വര്‍ധിച്ചത്. ഇന്നലെ അത്യാവശ്യക്കാര്‍ മാത്രമാണ് സ്വര്‍ണം വാങ്ങാനെത്തിയത്. വില ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വര്‍ണം വിറ്റ് പണമാക്കാന്‍ എത്തിയവരുടെ തിരക്കും ജ്വല്ലറികളില്‍ അനുഭവപ്പെട്ടു.അതേസമയം വില ഇനിയും ഉയരുമെന്ന സൂചനയും വിപണി വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."