ഓവിത്തോട് മലിനീകരണം: പ്രത്യേക യോഗം വിളിക്കും
വടകര: മലിനീകരണത്താല്‍ ദുരിതം നേരിടുന്ന ഓവിത്തോടിന്റെ ഇരുവശവുമുള്ളവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ഈ മാസം 20ന് രാവിലെ 10.30ന് താലൂക്ക് ഓഫിസില്‍ ചേരുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥപ്രതിനിധികള്‍, ഓവിത്തോട് സമരസമിതി ഭാരവാഹികള്‍ പങ്കെടുക്കും.
കണിയാങ്കണ്ടി ഭാഗം മുതല്‍ കുഞ്ഞിരാമന്‍ വക്കീല്‍ പാലം വരെയുള്ള ഓവിത്തോടിന്റെ ഭാഗങ്ങളില്‍ മലിനീകരണം കാരണം നാട്ടുകാര്‍ക്ക് ജീവിതം ദുസഹമായതായി താലൂക്ക് സിമിതി യോഗത്തില്‍ പരാതിയുയര്‍ന്നു. തോടിന്റെ ഇരുവശവുമുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നഗരസഭ അധികൃതര്‍ അവഗണിക്കുന്നതായി പരാതിയുയര്‍ന്നു. ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍പ്പോലും നഗരസഭ ഒളിച്ചുകളി നടത്തുന്നതായി ഓവിത്തോട് സമരസമിതി നേതാക്കള്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കണമെങ്കില്‍ തോട് തുടങ്ങുന്ന ഭാഗത്ത് മണ്ണിട്ട് നികത്തണമെന്നും ഇവര്‍ വ്യക്തമാക്കി.
അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മിനിസിവില്‍ സ്റ്റേഷനിലെ സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാറുടെ ഓഫിസിന് തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന മുറികൂടി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിവിധ ആവശ്യങ്ങള്‍ക്കയി എത്തിച്ചേരുന്നവര്‍ നേരിടുന്ന പ്രശ്‌നം ഏറെയാണെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനമായി.
കെ.എസ്.ഇ.ബി അഴിയൂര്‍ സെക്ടറില്‍ പ്രത്യേക ഫീഡര്‍ വലിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. കല്ലാച്ചി കോടതിയുടെ ചുറ്റുമതിലിന് അപകടഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിക്കിപ്പണിയാന്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. വിഷവസ്തുക്കള്‍ കലര്‍ന്ന മത്സ്യവില്‍പ്പന തടയാന്‍ ആരോഗ്യ വകുപ്പ് സത്വരനടപടി സ്വീകരിക്കണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു.
വടകര പഴയ ബസ് സ്റ്റാന്റ് മേല്‍ക്കൂര അടര്‍ന്ന് വീഴുന്നത് പരിഹരിക്കാന്‍ അറ്റകുറ്റപ്പണി നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സി.കെ നാണു എം.എല്‍.എ, ജില്ലാ പഞ്ചായത്തഗം ടി.കെ രാജന്‍, വടകര നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ പി. ഗീത, തഹസില്‍ദാര്‍ ടി. കെ. സതീഷ് കുമാര്‍, സമിതി അംഗങ്ങളായ പി.എം അശോകന്‍, പ്രദീപ് ചോമ്പാല, ടി.വി ബാലകൃഷ്ണന്‍, കളത്തില്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."