റോഡ് പണി ഇഴയുന്നു; നാട്ടുകാര്‍ക്ക് ദുരിതം
ബദിയടുക്ക: റോഡ് അറ്റകുറ്റപണി ഇഴഞ്ഞു നീങ്ങുന്നതിനെ തുടര്‍ന്ന് നാട്ടുകാരും വാഹനയാത്രക്കാരും ദുരിതത്തില്‍. ചിലയിടങ്ങളില്‍ പൂര്‍ണമായും മറ്റു ചിലയിടത്ത് ഭാഗികമായും റോഡ് അടച്ചാണ് പ്രവൃത്തി നടക്കുന്നത്. ചെര്‍ക്കള-കല്ലടുക്ക റോഡില്‍ നെല്‍ക്കക്ക് സമീപം ഗോളിത്തടുക്കയില്‍ റോഡ് തകര്‍ന്നു തരിപ്പണമായി കുഴികള്‍ രൂപപ്പെട്ടിരുന്നു. യാത്ര ദുസ്സഹമായ റോഡിലെ കുഴികള്‍ അടക്കുന്നതിനു വേണ്ടി മഞ്ചേശ്വരം എം. എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന റോഡില്‍ ഉക്കിനഡുക്ക പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഗേറ്റ് മുതല്‍ ഇടിയടുക്ക വരെ കുഴി അടച്ച് ടാറിങ് നടത്താനും ഗോളിത്തടുക്കയില്‍ ഇന്റര്‍ലോക്ക് ഘടിപ്പിക്കാനും അഡ്ക്കസ്ഥലയില്‍ കോണ്‍ക്രിറ്റ് ചെയ്യുവാനും വേണ്ടി പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതി നല്‍കിയിരുന്നു.
ഉക്കിനഡുക്ക മുതല്‍ ഇടിയടുക്ക വരെയുള്ള സ്ഥലത്തെ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തി വച്ച് കരാറുകാരന്‍ നെല്‍ക്കക്ക് സമീപം ഗോളിത്തടുക്കയില്‍ വീതി കുറഞ്ഞ റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടത്തുന്നതുമായി ബന്ധപ്പെട്ട് പെര്‍ള ചെക്ക് പോസ്റ്റ് മുതല്‍ അഡ്ക്കസ്ഥല വരെ റോഡ് പൂര്‍ണമായും അടച്ചിട്ടു. ഇതോടെ ബസ് ഉള്‍പ്പെടെ വലുതും ചെറുതുമായ എല്ലാ വാഹനങ്ങളും പെര്‍ള ചെക്ക് പോസ്റ്റ് സമീപത്തു നിന്നു കാട്ടുകുക്കെ പെര്‍ളത്തടുക്ക, മൊഗേര്‍ വഴി അഡ്ക്കസ്ഥലയിലേക്കു തിരിച്ചു വിട്ടിരിക്കുകയാണ്.
പല സ്ഥലങ്ങളിലും റോഡ് ഇടുങ്ങിയതും വലിയ വളവുള്ളതിനാലും ഒരേ സമയത്തു രണ്ടു വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിയാതെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള വാക്കേറ്റവും പതിവാണ്. കാസര്‍കോട് പുത്തൂര്‍ റോഡില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും ഇതു വഴിയാണു കടന്നു പോകുന്നത്. വീതി കുറഞ്ഞ റോഡായതു കൊണ്ടു തന്നെ ഒരേ സമയത്ത് ഇരു ഭാഗത്തു നിന്നും രണ്ടു വാഹനങ്ങള്‍ക്കു കടന്നു പോകുവാന്‍ പറ്റത്തതു കാരണം മണിക്കൂറുകള്‍ വൈകുന്നതിനാല്‍ ബസുകള്‍ പകുതി വഴിയില്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നു. ഇതു കാരണം ഏറ്റവും ദുരിതം അനുഭവിക്കുന്നത് ബസ് യാത്രക്കാരാണ്. പലരും അപകടം പിടിച്ച കാട്ടുകുക്കെ റോഡിലൂടെ യാത്ര ചെയ്യാനുള്ള ഭയം മൂലം ചുറ്റി സഞ്ചരിച്ചു കുമ്പള പമ്പ് വയല്‍ ബി.സി റോഡ് വിട്ട്‌ള വഴി പുത്തൂര്‍ എത്തിപ്പെടുന്നത് ഏറെ ദുസ്സഹമായാണ്. അടിയന്തിരമായും റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്നാണു യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."