കുരിശ് പൊളിച്ചത് നന്നായി, പിണറായിയുടെ നിലപാടിനെതിരെ സി.പി.ഐ മുഖപത്രം
കോഴിക്കോട്: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ റവന്യൂഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുനീക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സി.പി.ഐ മുഖപത്രം. കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചതില്‍ ജനങ്ങളുടെ പിന്തുണയുണ്ടെന്നും അതിനെ എതിര്‍ക്കുന്നവര്‍ അനാചാരങ്ങളെ പിന്തുണക്കാന്‍ ശ്രമിക്കുകയാണെന്നും ജനയുഗം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
മതപ്രതീകങ്ങള്‍ ദുരുപയോഗം ചെയ്ത് പ്രവര്‍ത്തിക്കുന്ന കയ്യേറ്റ മാഫിയയാണ് പാപ്പാത്തിച്ചോലയ്ക്കും പിന്നില്‍. ഇത്തരക്കാര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കച്ചവടച്ചരക്കാക്കി മാറ്റിയിട്ടുള്ളവരാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.
ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ്് ചെയ്യുന്നത്
സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് കുരിശ് പൊളിച്ചുമാറ്റിയതിനെ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യമായി ഉയര്‍ത്തിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."