വിജയരാഘവന്റെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്ന് യെച്ചൂരി: തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന് വിലയിരുത്തല്‍
കൊച്ചി: എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. പാര്‍ട്ടിയുടെ സ്ത്രീപക്ഷനിലപാടുകളില്‍ വിട്ടുവീഴ്ചയില്ല. വിജയരാഘവന്റെ പ്രശ്‌നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്നും യെച്ചൂരി കൊച്ചിയില്‍ പറഞ്ഞു. പരാമര്‍ശത്തെക്കുറിച്ച് വ്യക്തിപരമായി തനിക്കറിയില്ലെന്ന് യെച്ചൂരി പറഞ്ഞു. അതില്‍ പിഴവുണ്ടോ എന്ന് സംസ്ഥാന കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെക്കുറിച്ച് പപ്പു പ്രയോഗം ആദ്യം നടത്തിയത് ബി.ജെ.പിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശം സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. ഏതു തരംഗത്തിലും ഇളകാത്ത ഇടതുകോട്ടയായ ആലത്തൂരില്‍ ഈ പരാമര്‍ശം പാര്‍ട്ടിക്കുണ്ടാക്കിയ ചീത്തപ്പേര് ചെറുതല്ലെന്നും പ്രസ്താവന തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും ഇടതുമുന്നണിയില്‍ അഭിപ്രായമുണ്ട്.
ഒരു ഓളവും ഉണ്ടാക്കാതെ പോകുമായിരുന്ന അവിടുത്തെ സ്ഥാനാര്‍ഥി സഹതാപ തരംഗത്തില്‍ അത്ഭുതം സൃഷ്ടിച്ചേക്കുമെന്നുവരേ ചര്‍ച്ചയുണ്ട്. ഈ ഘട്ടത്തിലേക്ക് വിഷയത്തെ വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് സൈബര്‍ പോരാളികളും കവിതാ മോഷണക്കുറ്റത്തില്‍ പ്രതിപ്പട്ടികയിലുള്ള എഴുത്തുകാരിയുമാണെന്നും ആരോപണമുണ്ട്. പ്രസ്താവന തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നുതന്നെയാണ് അഭിപ്രായം. അതിനെ മറികടക്കാന്‍ എന്തുചെയ്യുമെന്നാണ് ഇടതുമുന്നണി ആലോചിക്കുന്നത്. പി.കെ ബിജുവിന്റെ മൂന്നാമൂഴത്തില്‍ താത്പര്യം കുറവുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണനെയായിരുന്നു ഇവിടെ ആദ്യം പരിഗണിച്ചിരുന്നത്. അദ്ദേഹമായിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ വിജയ പ്രതീക്ഷയും ഉണ്ടെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."