ഡി.സി.സി സെക്രട്ടറിയുടെ സ്ഥലത്തെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചുനീക്കി
പാലക്കാട്. പാലക്കാട്ടെ ഡി. സി, സി സെക്രട്ടറിയുടെ പറമ്പിലുണ്ടായിരുന്ന എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്നലെ ഉച്ചയോടെ പൊളിച്ചു നീക്കി. യു. ഡി. എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ പ്രധാന പ്രചരണ ചുമതല വഹിക്കുന്ന ഡി.സി.സി സെക്രട്ടറി കൂടിയായ സി. ബാലന്റെ പുത്തൂര്‍ ദുര്ഗ്ഗയിലുള്ള സ്ഥലത്താണ് എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സ്ഥാപിച്ചിരുന്നത്. രണ്ട് ദിവസം മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സി. ബാലനെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തണമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ നിലപാടെടുത്തു. കോണ്‍ഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഡി.സി.സി സെക്രട്ടറിക്കെതിരെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ഉയര്‍ന്നു.
ഓഫിസ് വിവാദത്തെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. സി.പി.എമ്മുകാര്‍ താനറിയാതെ തന്റെ സ്ഥലത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സ്ഥാപിച്ചതാണെന്നും ഡി.സി.സി സെക്രട്ടറി പറഞ്ഞെങ്കിലും സി.പി.എമ്മിനെതിരെ പരാതി കൊടുക്കാന്‍ തയ്യാറാവാത്തതും വിമര്‍ശിക്കപ്പെട്ടു. ഡി.സി.സി സെക്രട്ടറിയുടെ സ്വന്തം സ്ഥലത്ത് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സ്ഥാപിക്കപ്പെട്ടത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി പോയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."