പുസ്തകങ്ങളെ സ്‌നേഹിച്ച് ഒരാള്‍
തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ സര്‍വകലാശാലയിലെ ലൈബ്രറിയുടെ തലപ്പത്ത് അധികമാരും ശ്രദ്ധിച്ചുകാണാന്‍ ഇടയില്ലാത്ത ഒരാള്‍ ഇരിപ്പുണ്ട്. നീണ്ട 24 വര്‍ഷം ഇന്ത്യയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയുടെ തലപ്പത്തിരുന്ന വ്യക്തിയാണ് ഇദ്ദേഹം. മലയാളിയും അതിലുപരി മലപ്പുറത്തുകാരനുമായ പാറപ്പുറത്ത്് ജയരാജന്‍. സുദീര്‍ഘ സേവനത്തിന് ബ്രിട്ടീഷ് കൗണ്‍സില്‍ ഇദ്ദേഹത്തെ എം.ബി.ഇ(മെംബര്‍ ഓഫ് ബ്രിട്ടീഷ് എംബയര്‍)നല്‍കി ആദരിക്കുക വരേ ചെയ്തിട്ടുണ്ട്. ഇത്രയും മഹത്തായ സേവനം അനുഷ്ഠിച്ച ജയരാജന്‍ ഇപ്പോള്‍ മലയാള സര്‍വകലാശാല ലൈബ്രറിയുടെ പ്രധാന ചുമതലക്കാരനാണ്.
നാലു പതിറ്റാണ്ടുകളിലേറെയായി ജയരാജന്‍ പുസ്തകലോകത്ത് സജീവമാണ്. കരുണാകര പണിക്കരുടെയും ദേവകിയമ്മയുടെയും മകനായി കോട്ടക്കലില്‍ ജനനം. അച്ചന്‍ തിരൂര്‍ സ്വദേശിയാണ്. കുട്ടിക്കാലത്ത് വായന നന്നേ കുറവായിരുന്നു. വായിക്കാനുള്ള സാഹചര്യം ഇന്നത്തെപ്പോലെ അന്ന് ഇല്ലായിരുന്നെന്ന് ജയരാജന്‍ പറയുന്നു. കേരള സര്‍വകലാശാലയില്‍നിന്നു ബിരുദം. പിന്നീട് ബംഗളൂരുവില്‍നിന്നു ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദമെടുത്തു. ജീവിതത്തില്‍ വഴിത്തിരിവായത് ബംഗളൂരുവിലെ പഠനമാണ്. ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിപോഷിപ്പിക്കാനും വായനാശീലം വളര്‍ത്താനും ആ കാലം ഏറെ ഉപകാരപ്പെട്ടു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ബംഗളൂരു, ജസല്‍പൂര്‍, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലായി ദീര്‍ഘകാലത്തെ സേവനം. ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആദരവ് ഏറ്റുവാങ്ങിയ ഏക മലയാളി തുടങ്ങി വിശേഷണങ്ങള്‍ ഏറെയുണ്ട് ഈ കോട്ടക്കല്‍ സ്വദേശിയെക്കുറിച്ച് പറയാന്‍.
ലൈബ്രറി സയന്‍സുമായി ബന്ധപ്പെട്ട് വിദേശികളുള്‍പ്പെടെയുള്ള പ്രഗല്ഭര്‍ ജയരാജ നില്‍നിന്ന് വിദഗ്ധ നിര്‍ദേശം തേടാറുണ്ട്. ഏറ്റവും ആധികാരികമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ വിലയിരുത്താന്‍ ജയരാജന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാവുന്നു. 1972ല്‍ ഡോ. രംഗനാഥന്റെ ശിക്ഷണത്തിലാണ് ലൈബ്രറി ജീവിതം ആരംഭിക്കുന്നത്. ബംഗളൂരുവിലെ റിസര്‍ച്ച് മാനേജ്‌മെന്റിലെ അദ്ദേഹത്തിന്റെ സേവനം അസോസിയേറ്റ് പ്രൊഫസര്‍ വരെ എത്തി. പിന്നീടുള്ള ഏഴു വര്‍ഷം ജസല്‍പൂരിലും അതുകഴിഞ്ഞ് അഞ്ചുവര്‍ഷം ഹൈദരാബാദിലും സേവനമനുഷ്ഠിച്ചു. ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയില്‍ എത്തിപ്പെടുന്നതിന് മുന്‍പേ ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പബ്ലിക് ലൈബ്രറിയിലും സേവനമനുഷ്ഠിച്ചു.
നാല് പതിറ്റാണ്ട് കാലത്തെ ലൈബ്രറി ജീവിതം അദ്ദേഹത്തിന് നിരവധി സുഹൃത്തുക്കളെ നേടിക്കൊടുത്തിട്ടുണ്ട്.ഇതില്‍ രാഷ്ട്രീയക്കാരും ഉന്നതഉദ്യോഗസ്ഥരും പ്രശസ്ത എഴുത്തുകാരും ഉള്‍പ്പെടും. ഇന്ത്യയിലെ ലൈബ്രറികളുടെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ നിലയുറപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയില്‍ ഇത്രയധികം കാലം അധ്യക്ഷപദം അലങ്കരിച്ച മറ്റൊരു മലയാളി ഉണ്ടാവില്ല.
യാത്ര ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജയരാജന്‍. ഇതിനോടകം തന്നെ ആസ്‌ത്രേലിയ, യു.കെ, ന്യൂസിലാന്‍ഡ് തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. യു.കെയില്‍ മാത്രം 30 തവണ പോയിട്ടുണ്ട്. എല്ലാം ഔദ്യോഗികയാത്രകളായിരുന്നെന്ന് ജയരാജന്‍ വിശദീകരിക്കുന്നു. യാത്രയില്‍ നിരവധി തവണ വിദേശ പ്രധാനമന്ത്രിമാരുള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. കൂടാതെ പല ദേശീയ-അന്തര്‍ദേശീയ കമ്മിറ്റികളിലും അംഗവുമാണ്. മീറ്റിങ്ങുകള്‍ക്കും മറ്റുമായി രാജ്യത്തിനകത്തും പുറത്തും നിരന്തരം യാത്രകള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു.
മലയാള സര്‍വകലാശാലയിലേക്കുള്ള വരവ്
മലയാള സര്‍വകലാശാലയുടെ ലൈബ്രറി വിഭാഗത്തിന്റെ അമരത്തേക്ക് ജയരാജന്‍ എത്തിയത് യാദൃച്ഛികമായിരുന്നില്ല. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാറുമായി വളരെ അടുത്ത സൗഹൃദം ജയരാജനുണ്ട്. ജയകുമാര്‍ ഡല്‍ഹിയില്‍ ജോലിചെയ്ത കാലത്തായിരുന്നു ആ സൗഹൃദം തുടങ്ങിയത്. ആ ഒരു ബന്ധത്തിന്റെ പിന്‍ബലത്തിലാണ് മലയാള സര്‍വകലാശാലയിലേക്ക് ക്ഷണം കിട്ടുന്നത്. നിരസിക്കാന്‍ കഴിയാത്തതിനാല്‍ ഏറ്റെടുക്കുകയായിരുന്നെന്ന് പുസ്തകങ്ങളോടൊപ്പം കഴിയാന്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഹൃദയം തുറന്നു. ജയരാജനിലെ അനുഭവസമ്പത്ത് സര്‍വകലാശാലക്ക് ഏറെ ഗുണംചെയ്യുന്നുണ്ട്. ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാള സര്‍വകലാശാലാ ലൈബ്രറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ ഇദ്ദേഹത്തിന് കീഴില്‍ സാധിച്ചിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള പുസ്തകങ്ങളും ഗ്രന്ഥങ്ങളും ലഭ്യമാക്കുന്നതിലും വിദ്യാര്‍ഥികള്‍ക്ക് അവയെല്ലാം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങളുള്‍പ്പെടെ സാഹചര്യമൊരുക്കാന്‍ സാധിച്ചത് സര്‍വകലാശാലയെ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമാക്കുന്നു.
മലയാള സര്‍വകലാശാല നിലവില്‍ വന്നത് മുതല്‍ ജയരാജന്‍ സര്‍വകലാശാല ലൈബ്രറിയുടെ അമരത്തുണ്ട്. വിദ്യാര്‍ഥികള്‍ക്കേറെ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ ലൈബ്രറിയെ പരുവപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ജയരാജനും സംഘവും. തന്റെ ദീര്‍ഘകാലത്തെ പരിചയത്തിനൊപ്പം ലൈബ്രറി ജീവനക്കാരുടെ അകമഴിഞ്ഞ സഹകരണവും ലൈബ്രറി മാനേജ്‌മെന്റ് രംഗത്ത് നൂതന പദ്ധതികള്‍ക്ക് തുടക്കമിടാന്‍ മുതല്‍ക്കൂട്ടാവുന്നു. സാങ്കേതികവിദ്യയെ കൂടുതല്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ലൈബ്രറി നടത്തിപ്പിനും സര്‍വകലാശാല ലൈബ്രറിയെ ജയരാജന്‍ പരുവപ്പെടുത്തി. പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ലൈബ്രറിയെ കംപ്യൂട്ടര്‍ വല്‍ക്കരിച്ചതും ഇദ്ദേഹമായിരുന്നു. ലൈബ്രറി മാനേജ്‌മെന്റ് ദേശീയ സമ്മേളനത്തിന് സര്‍വകലാശാല ആതിഥ്യം വഹിച്ചതിന് പിന്നിലും ഈ കരങ്ങളുണ്ട്. സര്‍വകലാശാലയുടെ തൊട്ടടുത്ത പഞ്ചായത്തില്‍സ്ഥിരതാമസക്കാരായ കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ബിരുധദാരികള്‍ തുടങ്ങി പരിസരവാസികള്‍ക്ക് കൂടി ലൈബ്രറി ഉപയോഗപ്പെടുത്താന്‍ സാഹചര്യം ഒരുക്കിയതിന് പിന്നിലും മറ്റാരുമായിരുന്നില്ല. മലയാള സര്‍വകലാശാലയുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ലൈബ്രറിയെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ സഹായത്തോടെ നവീകരിച്ച് പബ്ലിക് ലൈബ്രറിയാക്കുന്നതിനുള്ള നടപടികള്‍ ജയരാജന്റെ കീഴില്‍ നടന്നുവരികയാണ്. കൂടാതെ കേരള സാഹിത്യ അക്കാദമിയില്‍നിന്ന് ശേഖരിച്ച ആയിരത്തോളം അപൂര്‍വ പുസ്തകങ്ങള്‍ സര്‍വകലാശാല ഡിജിറ്റല്‍ ലൈബ്രറിയില്‍ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുകയാണ്.എന്റെ പുസ്തക ശേഖരം മലയാളസര്‍വകലാശാലക്ക്് എന്ന പദ്ധതിയിലൂടെ കേരളത്തിലെ പ്രമുഖ എഴുത്തുകാരുള്‍പ്പെടെയുള്ളവര്‍ അവരുടെ പുസ്തക ശേഖരങ്ങള്‍ സര്‍വകലാശാലക്ക് നല്‍കിയിട്ടുണ്ട്.
തന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കണമെന്ന ചിന്തയാണ് ജയരാജന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഊര്‍ജമാവുന്നത്. നമ്മുടെ അനുഭവങ്ങള്‍ മറ്റുള്ളവരോട് പങ്കുവക്കണം, എങ്കില്‍ മാത്രമേ നമ്മള്‍ ആര്‍ജിച്ചെടുക്കുന്ന അറിവുകള്‍ പൂര്‍ണമാവുകയുള്ളൂ. അറിയുന്ന കാര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും മലയാളികളുടെ അഭിമാനമായ ഈ മനുഷ്യന്‍ പറയുന്നു. കേരളത്തിലെ ലൈബ്രറികളുടെ ദാരുണാവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടുന്നതോടൊപ്പം അവയെ പുനരുദ്ധരിക്കാന്‍ സാധിക്കുന്ന വഴികളും മനസിലുണ്ട്. കേരളത്തിലെ ലൈബ്രറികള്‍ ഇനിയും ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു. നാം പിന്‍തുടരുന്ന പ്രാകൃത രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പില്‍ നിലപാടുകള്‍ നിറഞ്ഞുനില്‍ക്കുന്നു.വീട്ടില്‍ പുസ്തകങ്ങള്‍ കൂടുതല്‍ സൂക്ഷിക്കുന്ന പ്രകൃതക്കാരനല്ല ജയരാജന്‍. വായന കഴിഞ്ഞാല്‍ അവയെല്ലാം വായനശാലകള്‍ക്കോ, പാവപ്പെട്ടവര്‍ക്കോ സംഭാവനയായി നല്‍കുന്നതാണ് രീതി.
കേരളത്തിലെ ലൈബ്രറികളുടെ അവസ്ഥ പരിതാപകരമാണ്. എല്ലാവരും സാങ്കേതികതയിലേക്ക് ചേക്കേറുമ്പോള്‍ പുസ്തകത്താളുകളെ മറന്നുപോവുന്നുണ്ടോ എന്നൊരു സംശയം ജയരാജിന്റെ വാക്കുകളില്‍ പ്രകടമാണ്. ഡിജിറ്റല്‍ ലൈബ്രറി വന്‍ സാധ്യതകളാണ് തുറന്നിടുന്നത്. അതെല്ലാം ഫലവത്തായി ഉപയോഗപ്പെടുത്തി ഗ്രന്ഥശാലകളെ കൂടുതല്‍ ജനകീയമാക്കണമെന്നും അദ്ദേഹം കേരളത്തിലെ ലൈബ്രറി നടത്തിപ്പുകാരോട് ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ പബ്ലിക് ലൈബ്രറി പ്രസ്ഥാനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് ജയരാജന്‍. തനിക്ക് സര്‍വ പിന്തുണയും ഒപ്പം പ്രോല്‍സാഹനവും നല്‍കുന്നത് ഭാര്യ ഹേമയാണെന്ന് ജയരാജന്റെ വെളിപ്പെടുത്തലില്‍ വ്യക്തമാണ്. കുടുംബവുമൊത്ത് കോഴിക്കോട്ടാണ് ഇദ്ദേഹം ഇപ്പോള്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."