ജോസ് പക്ഷത്തിന്റെ രാഷ്ട്രീയ തീരുമാനത്തിനു കാതോര്‍ത്ത് കേരളം: പ്രഖ്യാപനം ചൊവ്വാഴ്ച
കോട്ടയം: പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫില്‍ നിന്നു പുറത്താക്കിയ കേരള കോണ്‍ഗ്രസ് (എം)ജോസ് വിഭാഗം രാഷ്ട്രീയ തീരുമാനങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഏവരും പ്രതീക്ഷയോടെയാണ് ഇവരുടെ നിലപാടറിയാന്‍ കാത്തിരിക്കുന്നത്. എല്‍.ഡി.എഫ് അല്ല, ജനങ്ങളാണ് തങ്ങളുടെ മുന്നിലുള്ള സാധ്യതയെന്ന് ജോസ് കെ. മാണി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ നടക്കുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം ഭാവി രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കള്‍ രാഷ്ട്രീയ അജണ്ട ബോധപൂര്‍വ്വം നടപ്പാക്കുകയാണ് ചെയ്തത്. കേരള കോണ്‍ഗ്രസ് ആത്മാഭിമാനം പണയം വയ്ക്കില്ല. മുന്നണിയില്‍ നിന്ന് പുറത്താക്കിയ യു.ഡി.എഫ് തീരുമാനം രാഷ്ട്രീയ അനീതിയാണ്. മുന്നണിയെ കെട്ടിപ്പടുത്ത കെ.എം മാണിയെയാണ് ഈ നടപടിയിലൂടെ യു.ഡി.എഫ് പുറത്താക്കിയതെന്നും ജോസ് കെ. മാണി പറഞ്ഞു. യു.ഡി.എഫ് തീരുമാനം വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ജോസ് നിലപാട് വ്യക്തമാക്കിയത്.
പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ച കെ.എം മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ് തള്ളിപ്പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവെയ്ക്കണമെന്നാണ് യു.ഡി.എഫ് പറയുന്നതെന്നും ജോസ് കെ. മാണി ആവര്‍ത്തിച്ചു.
ഇത് സ്ഥാനത്തിന്റെയല്ല നീതിയുടെ പ്രശ്‌നമാണ്.
ധാരണ ലംഘിച്ചതിന് പുറത്താക്കാനായിരുന്നെങ്കില്‍ പി.ജെ ജോസഫിനെ ആയിരം വട്ടം പുറത്താക്കേണ്ടതായിരുന്നു. ധാരണകള്‍ സൗകര്യപൂര്‍വ്വം ഉണ്ടാക്കുകയാണ്.
ഇല്ലാത്ത ധാരണയുടെ പേരിലാണ് ഈ പുറത്താക്കല്‍. തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇല്ലാത്ത ധാരണയുടെ പേരില്‍ രാജിവെയ്ക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്‌നമാണ്. കരാറുകളില്‍ ചിലത് ചില സമയത്ത് മാത്രം ഓര്‍മപ്പെടുത്തുന്നു. ഇതിനെ സെലക്ടീവ് ഡിമന്‍ഷ്യ എന്ന് പറയും. യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരേ നടപടിയെടുത്തില്ലെന്നും ജോസ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."