ഗുണ്ടാപ്പിരിവ്; മൂന്നംഗസംഘം ഷാഡോ ടീമിന്റെ പിടിയില്‍
തിരുവനന്തപുരം: ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ചെന്ന് ഗുണ്ടായിസം കാണിക്കുകയും കോണ്‍ട്രാക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുണ്ടാസംഘത്തെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലിസ് പിടികൂടി. കരമന തളിയല്‍ സ്വദേശി പുഞ്ചിരി വിനോദ് എന്ന് വിളിക്കുന്ന വിനോദ് (35), കരുമം സ്വദേശി വിജയകുമാര്‍ (36), മേലാംകോട് സ്വദേശി കിരണ്‍ (36) എന്നിവരാണ് പിടിയിലായത്. നിരവധി കൊലപാതക കേസുകളിലും അടിപിടി, പിടിച്ചുപറി കേസുകളിലും പ്രതികളായ ഇവര്‍ നിരവധി തവണ ഗുണ്ടാ ആക്ടില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചവരാണ്.
പുന്നയക്കാമുഗള്‍ ജംഗ്ഷനില്‍ വെച്ച് ക്ലിന്റ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ സിറ്റി ഷാഡോ ടീം പിടികൂടി ജയിലലകപ്പെട്ട് അഞ്ച് ദിവസം മുന്‍പാണ് ഇവര്‍ ജയില്‍ മോചിതരായത്. ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടായായ അമ്മയ്‌ക്കൊരു മകന്‍ എന്ന് വിളിക്കുന്ന സോജുവിന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ട ഇവര്‍ ടിപ്പര്‍ സജിയെ കൊന്ന കേസില്‍ സോജുവിനോടെപ്പം കൂട്ടുപ്രതികളാണ്. ആറ്റുകാല്‍ സ്വദേശിയായ വിഷ്ണുവിനെ കൊന്ന കേസിലും വിനോദും വിജയകുമാറും പ്രതികളാണ്. വിനോദ് 2 പ്രവശ്യം ഗുണ്ടാ ആക്ടില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടുത്ത സമയത്ത് നിലമ്പൂരില്‍ നടന്ന ഒരു പിടിച്ച് പറി കേസിലും വിനോദിനെ പോലിസ് തിരയുന്നതിനിടയിലാണ് പിടിയിലായത്. മേലാംകോട് കിരണ്‍ 3 പ്രവശ്യം ഗുണ്ടാ ആക്ടില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.വിജയകുമാറിന് എതിരെ നിരവധി കൂലിത്തല്ല് കേസുകളും ഉണ്ട്. കരമന മേലാറന്നൂറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ട്രാക്ടര്‍ മുരുകനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം കണ്‍ട്രോള്‍ റൂം എ.സി സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ കരമന എസ്.ഐ ശ്യാം, സിറ്റി ഷാഡോ ടിം അംഗങ്ങള്‍ ഉള്‍പ്പെട്ട ടിം ആണ് അന്വേഷണത്തിനും അറസ്റ്റിനും മേല്‍നോട്ടം വഹിച്ചത്.
സമകാലിക പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം ഖുര്‍ആനിലുണ്ട്: കടയ്ക്കല്‍
തിരുവനന്തപുരം: സകല ഗ്രന്ഥങ്ങളില്‍ നിന്നും വിഭിന്നവും സവിശേഷതയുള്ളതുമായ ഗ്രന്ഥമാണ് ഖുര്‍ആനെന്നും സമകാലികമായ സകല പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാര നിര്‍ദ്ദേശങ്ങളും അതിലുണ്ടെന്നും കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. തിരുവനന്തപുരം യത്തീംഖാനയുടെ ആഭിമുഖ്യത്തില്‍ ഓള്‍കേരളാ യത്തീം സ്റ്റുഡന്റ്‌സ് ഫെസ്റ്റ് -2017 നോടനുബന്ധിച്ചുള്ള ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യത്തീംഖാന പ്രസിഡന്റ് എം.കെ നാസറുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിബിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ ഹെര്‍ക്കുലീസ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കബീര്‍ ഖാദര്‍, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂര്‍ സലീം മൗലവി, സക്കീര്‍ ഹുസൈന്‍ മൗലവി, മുസമ്മില്‍ ബാഖവി, അബ്ദുല്‍റഹീം മൗലവി, അബ്ദുള്ളാ മൗലവി, അഷ്‌റഫുദ്ദീന്‍ മൗലവി, ഫത്തഹുദ്ദീന്‍ റഷാദി, വിഴിഞ്ഞം ഫാറൂഖ് സഖാഫി, ഡോ. എ. നിസാറുദ്ദീന്‍, ഡോ. എ. ഷാനവാസ്, ഡോ. പി. നസീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അല്‍ഹാജ് വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."