ഓണ്‍ലൈന്‍ വില്‍പനയ്‌ക്കെത്തിച്ച മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന സംഘം പിടിയില്‍
തൊടുപുഴ: ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണ്‍ വഴി കുമളിയിലേക്ക് അയയ്ക്കുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. എറണാകുളം എളംകുന്നപ്പുഴ മാലിപ്പുറം പെരിങ്ങോട്ടു വീട്ടില്‍ ഗിരീഷ് (23), ഏലൂര്‍ കുഴികണ്ടം തച്ചേത്ത് ആന്റണി റെസ്റ്റോ (35), നായരമ്പലം തേങ്ങാത്തടം മാഞ്ഞൂരാന്‍ മിജോ (23) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്ന് പേരെ ഇനിയും പിടികിട്ടാനുണ്ട്.
ഐ ഫോണ്‍ കമ്പനിയുടെ ഒരു ലക്ഷം വീതം വിലവരുന്ന 81 മൊബൈല്‍ ഫോണുകളാണ് പലപ്പോഴായി സംഘം മോഷണം നടത്തിയത്. കുമളിയിലെ ഷോറും ഉടമ ടി.സി സ്‌കറിയ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. എറണാകുളം പാനായികുളത്തുള്ള ഓഫിസില്‍ നിന്നും കുമളിയിലേക്ക് വാഹനത്തില്‍ അയക്കുന്ന മൊബൈലുകളാണ് പ്രതികള്‍ വിദഗ്ധമായി കവര്‍ന്നിരുന്നത്. വാഹനം രാത്രി 9 മണിക്കാണ് പുറപ്പെടുന്നത്. കട്ടപ്പന കഴിഞ്ഞ് ചോറ്റുപാറയിലെത്തുമ്പോള്‍ വണ്ടി ഒതുക്കി നിര്‍ത്തി ഡ്രൈവറും സഹായിയും ചേര്‍ന്ന് വാഹനത്തിന്റെ സീല്‍ ചെയ്തിരിക്കുന്ന ലോക്ക് തുറന്ന് അകത്തുകടന്ന് ഫോണ്‍ എടുത്ത ശേഷം സംശയം തോന്നാത്തവിധം വീണ്ടും ലോക്ക് ചെയ്യും. ഇങ്ങനെ മോഷണം നടത്തുന്ന ഫോണുകള്‍ വാങ്ങാന്‍ എറണാകുളത്തുതന്നെ വ്യാപാരികളുണ്ട്.
ഇവര്‍ വിറ്റ ഫോണിന്റെ കോഡ് നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ എറണാകുളം കാക്കനാട് ഭാഗത്ത് ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."