പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ച: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കെ.എസ്.ഇ.ബിക്ക് തിരിച്ചടി
തൊടുപുഴ: കേരളത്തെ വിഴുങ്ങിയ പ്രളയം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും തിരിച്ചടി. കെ.എസ്.ഇ.ബിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും അമിക്കസ് ക്യൂറി ജേക്കബ് പി. അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടുതല്‍ ഗൗരവമുള്ളതാണ്.
കേരളം പ്രളയത്തില്‍ മുങ്ങിയ 2018 ഓഗസ്റ്റ് 15ന് വൈകിട്ട് അഞ്ച് മുതല്‍ 18ന് പുലര്‍ച്ചെ വരെയുള്ള മൂന്നുദിവസങ്ങളില്‍ കെ.എസ്.ഇ.ബി അണക്കെട്ടുകളില്‍ നിന്നൊഴുക്കിയ വെള്ളത്തിന്റെ കണക്ക് മറച്ചുവച്ചത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാധ്യമപ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിവരം മറച്ചുവച്ചാണ് സെക്കന്‍ഡില്‍ 17,00,000 ലിറ്റര്‍ (1700 ക്യുമെക്‌സ്) വരെ വെള്ളം ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കിയത്. സെക്കന്‍ഡില്‍ പരമാവധി 15,00,000 ലിറ്റര്‍ (1500 ക്യുമെക്‌സ്) വെള്ളം മാത്രമേ ഒഴുക്കിയിട്ടുള്ളൂവെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
ഓഗസ്റ്റ് 9ന് ഉച്ചയ്ക്ക് 12.32നാണ് ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് വെള്ളം തുറന്നുവിട്ടത്. ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് തീരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ച് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമാണ് കെ.എസ്.ഇ.ബിയും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയത്. 10ന് ഉച്ചയ്ക്ക് 1.30ഓടെ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു.
ഈ സമയങ്ങളില്‍ ഓരോ മണിക്കൂറിലും അണക്കെട്ടിലെ ജലനിരപ്പ്, പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ്, അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ്, പവര്‍ ഹൗസിലേക്ക് ഒഴുക്കുന്ന വെള്ളം ഇവയെല്ലാം കൃത്യമായി കെ.എസ്.ഇ.ബിയില്‍ നിന്ന് ശേഖരിച്ച് ഇന്‍ഫര്‍മേഷന്‍ വകുപ്പ് വാട്‌സ്ആപ്പ് വഴി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍, 15ന് വൈകിട്ട് അഞ്ചോടെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം നിലച്ചു. ചെറുതോണി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 1500 ക്യുമെക്‌സ് വരെ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പെരിയാര്‍ തീരവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമായിരുന്നു ഒടുവിലത്തെ സന്ദേശം. പിന്നീട് സന്ദേശമെത്തിയത് 18ന് രാവിലെ ആറിനാണ്.
2401.54 അടിയായിരുന്നു അപ്പോള്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 1100 ക്യുമെക്‌സ് വെള്ളം ഒഴുക്കുന്നുവെന്നായിരുന്നു സന്ദേശം. ഈ മൂന്ന് ദിവസങ്ങളില്‍ കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ വെബ്‌സൈറ്റും നിശ്ചലമായിരുന്നു. ചെറുതോണി മേഖലയില്‍ നിന്ന് ദൃശ്യമാധ്യമങ്ങള്‍ ഒ.ബി വാനുകള്‍ അടക്കം മാറ്റണമെന്ന് 15ന് മുന്‍പ് തന്നെ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ വെള്ളമൊഴുക്കുന്നത് പുറംലോകം അറിയാതിരിക്കാനാണ് കെ.എസ്.ഇ.ബി ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടതെന്ന് വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."