താങ്ങ് കൊടുത്താല്‍ നില്‍ക്കുമോ ഞെട്ടറ്റ തളിരില
'മുടിയാന്‍ പോകുന്നവന് മുട്ടുകൊടുത്താല്‍ നിലനില്‍ക്കുമോ' - കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം യു.ഡി.എഫിന് പുറത്തായതിന് പിന്നാലെ കോട്ടയത്തെ തലമുതിര്‍ന്നതും മുതിരാനുള്ളതുമായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ഇത്തരത്തിലായിരുന്നു. കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ അത്യാഹ്ലാദത്തില്‍ തന്നെയാണ്. കേരള കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിന് മുന്നില്‍ അധികാര രാഷ്ട്രീയത്തില്‍ ഒന്നുമാവാന്‍ കഴിയാതെപോയ ജീവിതമാണ് കോട്ടയത്തെ കോണ്‍ഗ്രസുകാരുടേത്. പഞ്ചായത്ത് വാര്‍ഡ് മുതല്‍ പാര്‍ലമെന്റ് വരെ മോഹിക്കാമെന്നല്ലാതെ കെ.എം മാണിയെന്ന വടവൃക്ഷവും കേരള കോണ്‍ഗ്രസും പടര്‍ന്നു പന്തലിച്ചുനിന്ന കാലത്തോളം മോഹങ്ങളൊക്കെ കോണ്‍ഗ്രസുകാര്‍ക്ക് വ്യാമോഹങ്ങളായിരുന്നു. ഇടയ്ക്ക് വിട്ടുപോയ മാണി രാജ്യസഭ സീറ്റില്‍ ജോസ് കെ. മാണിയെ വാഴിച്ച് മടങ്ങിവന്നപ്പോള്‍ മോഹഭംഗത്തിന് കനമേറി. കെ.എസ്.യുക്കാര്‍ മുതല്‍ മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ വരെ സ്വന്തം നേതാക്കളെ പരസ്യമായും രഹസ്യമായും ചീത്ത പറഞ്ഞാണ് നിരാശ തീര്‍ത്തത്.
ഒടുവിലിതാ കോണ്‍ഗ്രസുകാര്‍ മോഹിച്ച പോലെ കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷകസേരയുടെ പേരില്‍ മാണി പുത്രനും സംഘവും മുന്നണിക്ക് പുറത്തായിരിക്കുന്നു. യു.ഡി.എഫിലെ മാണിഗ്രൂപ്പുകാര്‍ എന്ന ഇപ്പോഴത്തെ ജോസ് പക്ഷക്കാര്‍ എത്രമാത്രം കോണ്‍ഗ്രസുകാരുടെ ശത്രുവായിരുന്നുവെന്ന് ആഹ്ലാദം കണ്ടാല്‍ മനസിലാവും. കേരള കോണ്‍ഗ്രസിലെ ശാക്തിക ചേരിയുടെ ബലാബലം തിരിച്ചറിഞ്ഞു തന്നെയുള്ള തീരുമാനമാണിത്. കലഹിച്ച് പുറത്തുപോകുന്നതല്ലാതെ ആരെയും അടിച്ചിറക്കുന്ന സ്വഭാവം ഇക്കാലമത്രയും യു.ഡി.എഫ് എടുത്തിട്ടില്ല. തണ്ടൊടിഞ്ഞ രണ്ടിലയിലെ മൂത്ത ഇലയെ താങ്ങിനിര്‍ത്താന്‍ മൂപ്പെത്തും മുന്‍പെ പഴുത്തു പോയ തളിരിലയെ കൈവിട്ടു. പി.ജെ ജോസഫിന്റെ അനുഭവ സമ്പത്തിന്റെയും രാഷ്ട്രീയ തന്ത്രജ്ഞതയുടെയും വിജയമായി അവരും ആഘോഷിക്കുന്നു.
കെ.എം മാണിയുടെ രാഷ്ട്രീയ പിന്തുടര്‍ച്ച അവകാശപ്പെടുന്നവരുടെ രാഷ്ട്രീയ പക്വതയില്ലായ്മ വെളിവാക്കുന്നത് കൂടിയായി യു.ഡി.എഫ് നടപടി. ലീഡര്‍ കെ. കരുണാകരന് ശേഷം യു.ഡി.എഫ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നവര്‍ മൂന്നു പേരായിരുന്നു - ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി. പരസ്പരം ചര്‍ച്ചകള്‍ ചെയ്തും വിട്ടുവീഴ്ചകളിലൂടെയും ഐക്യമുന്നണി എന്ന പേര് അന്വര്‍ഥമാക്കിയവര്‍. മൂവരും പരസ്പരം വെല്ലുവിളിച്ചിട്ടില്ല. കെ.എം മാണി യു.ഡി.എഫ് വിട്ട കാലത്തും പരസ്പരം പഴിചാരാതെയവര്‍ അന്തര്‍ധാര സജീവമാക്കിയിരുന്നു. പരസ്പര ബഹുമാനത്തിന്റെയും വിട്ടുവീഴ്ചയുടെയും ചുവരെഴുത്തുകള്‍ കെ.എം മാണിയുടെ പിന്തുടര്‍ച്ചക്കാരനും കൂട്ടര്‍ക്കും വായിച്ചെടുക്കാനായില്ല. തിരുത്തിക്കാന്‍ തലമുതിര്‍ന്നവര്‍ കൂടെ ഇല്ലാതെ പോയതും വീഴ്ചയുടെ ആഘാതം കൂട്ടുന്നു.
കളമറിയാതെയുള്ള എടുത്തു ചാട്ടമാണ് ജോസ് പക്ഷത്തിന്റെ രാഷ്ട്രീയവീഴ്ചയുടെ ആഘാതം കൂട്ടിയത്. കെ.എം മാണി എന്ത് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുമ്പോഴും സി.എഫ് തോമസിനെ പോലുള്ള മുതിര്‍ന്ന നേതാക്കളോട് ആലോചിച്ചിരുന്നു. അന്തിമതീരുമാനങ്ങള്‍ തന്റേത് തന്നെയെങ്കിലും സി.എഫിന്റെ വാക്കുകള്‍ക്ക് മാണി വിലകല്‍പ്പിച്ചു. മുതിര്‍ന്ന നേതാക്കളെ അര്‍ഹിക്കുന്ന പരിഗണന നല്‍കി കൂടെനിര്‍ത്താന്‍ കഴിയാതെ പോയിടത്തുനിന്ന് തുടങ്ങി ജോസ് പക്ഷത്തിന്റെ വീഴ്ചകള്‍.
ജോസിന്റെയും കൂട്ടരുടെയും മനസില്‍ ഇടതിലേക്ക് കയറാന്‍ മോഹമുണ്ട്. അതിനായി കാത്തിരിക്കുന്നത് വലിയ പരീക്ഷണങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും വാതിലടയ്ക്കില്ലെന്ന പ്രതീക്ഷ നല്‍കുമ്പോഴും സി.പി.ഐ ഉള്‍പ്പെടെ ഉയര്‍ത്തുന്ന എതിര്‍പ്പ് മറികടക്കണം. വെന്റിലേറ്ററാവാന്‍ എല്‍.ഡി.എഫില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മുനവെച്ച പ്രതികരണം ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും മുന്നോട്ടുള്ള പാത സുഗമമല്ലെന്ന മുന്നറയിപ്പാണ്. യു.ഡി.എഫില്‍ ലഭിച്ചിരുന്ന സ്വീകാര്യത ഒരിക്കലും എല്‍.ഡി.എഫില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. വിലപേശാനുള്ള ശക്തി ചോര്‍ത്തിയാണ് യു.ഡി.എഫ് പടിയിറക്കി വിട്ടിരിക്കുന്നത്. ജോസിനും കൂട്ടര്‍ക്കും മുന്നിലുള്ളത് കല്ലും മുള്ളും നിറഞ്ഞ രാഷ്ട്രീയത്തിന്റെ കഠിന പാതയാണ്.
ആരെ കിട്ടിയാലും അകത്തേക്ക് വിളിച്ചു കയറ്റാനായി വാതില്‍ തുറന്നിട്ടിരിക്കുന്ന എന്‍.ഡി.എയിലേക്ക് എന്തായാലും എത്തി നോക്കാനുള്ള ധൈര്യം തല്‍ക്കാലം ജോസ് കെ. മാണി പ്രകടിപ്പിക്കില്ല. ഒരു കേന്ദ്രമന്ത്രി പദമൊക്കെ അനായാസം കിട്ടുമെങ്കിലും അതിന് അല്‍പ്പായുസാണെന്ന രാഷ്ട്രീയ വകതിരിവൊക്കെ ജോസ് കെ. മാണിക്കുണ്ട്. സ്വന്തം പാളയത്തിലെ കൊഴിഞ്ഞുപോക്കാണ് ജോസിനെ കാത്തിരിക്കുന്ന മറ്റൊരു പ്രതിസന്ധി. റോഷി അഗസ്റ്റിനും എന്‍. ജയരാജും ഉള്‍പ്പെടെ രണ്ടു മനസുമായി നില്‍ക്കുന്ന നേതാക്കള്‍ ഏറെയാണ്. പിളര്‍ന്നു വളരുന്നതാണ് കേരള കോണ്‍ഗ്രസിന്റെ ശൈലി. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തില്‍ വിജയിച്ചിട്ടുമുണ്ട്. കെ.എം മാണിയെ പോലൊരു പരിണിത പ്രജ്ഞനായ നേതാവില്ലാത്ത കേരള കോണ്‍ഗ്രസില്‍ അധികാരമില്ലാതെ അനുയായികളെ കൂടെ നിര്‍ത്തുക പ്രയാസകരമാണ്.
സമവായത്തിന്റെ വാതില്‍ യു.ഡി.എഫ് കൊട്ടിയടച്ചിട്ടില്ലെന്നത് ജോസ് പക്ഷത്തിന് ആശ്വാസം നല്‍കുന്നതാണ്. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് യു.ഡി.എഫിലേക്ക് തന്നെ മാന്യമായി തിരിച്ചുകയറാം. അത്തരമൊരു കീഴടങ്ങലിലൂടെ രാഷ്ട്രീയ തോല്‍വി സ്വയം ഏറ്റുവാങ്ങുമോ എന്നതിലാണ് ജോസ് പക്ഷത്തിന്റെ ഭാവി. കെ.എം മാണിയെന്ന വൈകാരികത ഉയര്‍ത്തി തല്‍ക്കാലം യു.ഡി.എഫിനെ നേരിടുകയെന്ന തന്ത്രമാണ് ജോസും കൂട്ടരും പയറ്റുന്നത്. മാണിയെന്ന വൈകാരികതയ്ക്ക് എത്രമാത്രം ഫലം കിട്ടുമെന്നത് അറിയാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."