കൈതോലയുണ്ടോ കൈതോല..? ഓണവിപണി: കൈതോല തേടി തൊഴിലാളികള്‍
കാട്ടാക്കട: പഴമയുടെ താളത്തിലേയ്ക്ക് മടങ്ങുന്ന പുതിയ സമൂഹത്തിനു മുന്നില്‍ ഇഴകള്‍ മെനയുന്ന കൈയുമായി അന്നത്തിനുള്ള വാതില്‍ തേടുകയാണിവര്‍. കൈതോല കൊണ്ട് നിര്‍മിച്ച പായകള്‍, വട്ടികള്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവ ഒരു ഗൃഹാതുരത്വത്തിന്റെ വാതായനങ്ങളാണ്. അതൊക്ക കിട്ടാതായിട്ട് നാളേറെയായി.
വംശനാശത്തിന്റെ വക്കിലായ കൈതോലകള്‍ തേടി ഇറങ്ങുന്ന തൊഴിലാഴികള്‍ ഇപ്പോഴുമുണ്ട്. തങ്ങളുടെ വീട്ടിലെ അടുപ്പ് കത്തിക്കാന്‍ അന്യം നിന്നുപോയ ഈ പരമ്പരാഗത തൊഴിലിന്റെ അവകാശികള്‍ ഗ്രാമാന്തരങ്ങളില്‍ കയറിയിറങ്ങുകയാണ്. കാട്ടാക്കട ചായ്കുളം സ്വദേശികളായ സാംകുട്ടിയും സംഘവും രാവിലെ കൈതോലകള്‍ തേടി ഇറങ്ങും. കൈത വളരുന്ന ഭാഗങ്ങള്‍ പലേടത്തും ഇല്ല. തോട്ടിന്റെ വക്കിലും വയല്‍പാടങ്ങളുടെ അരികിലും കുളങ്ങളുടെ സമീപത്തും തഴച്ചു വളര്‍ന്ന് നിന്നിരുന്ന കൈത ഇന്ന് ഇല്ലാതായി.
പാടങ്ങള്‍ നികന്നതും തോടുകള്‍ ഇല്ലാതെയായതും ആയതോടെ കൈതകള്‍ കണികാണാന്‍കൂടെ കിട്ടാത്ത നിലയിലായി. എന്നാല്‍ സാംകുട്ടിയെ പോലുള്ളവര്‍ക്ക് കൈത തങ്ങളുടെ അന്നമാണ്. അതില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാണ് വില്‍ക്കുന്നതും അടുപ്പ് പുകയുന്നതും. പാരമ്പര്യമായി കിട്ടിയ തൊഴില്‍ ഈ നവീന യുഗത്തിലും അവര്‍ക്ക് കൈവിടാന്‍ കഴിയുന്നില്ല. അതിനാല്‍ കൈത തേടി രാവിലെതന്നെ ഇവര്‍ ഇറങ്ങുകയായി. ഇപ്പോള്‍ കൈത പായയ്ക്കും വട്ടിക്കും ആവശ്യക്കാര്‍ പഴയതുപോലില്ല എന്ന് സാംകൂട്ടി പറഞ്ഞു. എല്ലാം പ്ലാസ്റ്റിക്ക്, പി.വി.സി മയം ആയപ്പോള്‍ പുതിയ തലമുറ ഇതിനെ കൈവിട്ടു. കൈതപായലിലെ ഉറക്കവും വട്ടിയില്‍ കോരിയെടുക്കുന്ന ചോറും പഴയ തലമുറയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറഞ്ഞു.
മുന്‍പ് ഓണത്തിന് രണ്ടു മാസം മുന്‍പ് തന്നെ ബുക്കിങ് ഉണ്ടാകും. വയല്‍ കൊയ്ത് നെല്ല് ഉണക്കാന്‍ പായയും ഓണത്തിന് സദ്യയക്കായി വട്ടികളും. എന്നാല്‍ അതിപ്പോള്‍ ഇല്ല. എന്നാല്‍ പുതിയ തലമുറക്ക് വേണ്ടി കൈതയില്‍ നിന്നും മനോഹരമായ ആഡംബര വസ്തുക്കള്‍ ഉണ്ടാക്കി നല്‍കുന്ന വിദ്യയും ഇവര്‍ സ്വന്തമാക്കി. പ്രകൃതിജന്യമായ വസ്തുക്കള്‍ക്ക് വിപണിയില്‍ നല്ല മാര്‍ക്കറ്റ് ഉണ്ടെന്ന് ഇവര്‍ പറയുന്നു. മുറിച്ച കൈതോലകള്‍ അടുക്കുകളാക്കി കെട്ടും. പിന്നെ അവ വെള്ളത്തിലിട്ട് നച്ച് ഉണക്കി ചെറുതായി കീറിയാണ് നിര്‍മിക്കുന്നത്. ചെറു മുള്ളുകള്‍ കൊണ്ട് വരിഞ്ഞിരിക്കുന്ന കൈതോല കൈകാര്യം ചെയ്യാന്‍ പരിശീലനം വേണം. അല്ലെങ്കില്‍ മുള്ള് കാര്യമായി തന്നെ കൊള്ളും.
മുറിവ് ഉണങ്ങാന്‍ നാളുകളാണ് എടുക്കുന്നത്. പരമ്പരാഗതമായി ഇവര്‍ക്ക് കിട്ടിയ തൊഴിലാണ് ഇവരുടെ പട്ടിണി മാറ്റുന്നത്. അതിനാല്‍ തന്നെ പ്രായവും ഒന്നും നോക്കാതെ ഇവര്‍ ഇറങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."