നിയമനടപടി സ്വീകരിക്കും: സ്പിരിറ്റ് ഇന്‍ ജീസസ്
തൃശൂര്‍: പാപ്പാത്തിചോലയിലെ കുരിശ് നീക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുരിശ് സ്ഥാപിച്ചിരുന്ന സ്ഥലം തങ്ങളുടെ വിഭാഗത്തിലെ മരിയ സൂസ എന്നയാളുടെ കൈവശമുള്ളതാണ്. ഇദ്ദേഹത്തിന്റെ പൂര്‍വികരാണ് ഏതാണ്ട് 60 വര്‍ഷം മുന്‍പ് കുരിശ് സ്ഥാപിച്ചത്.
ഇത് ജീര്‍ണാവസ്ഥയിലായപ്പോള്‍ പുനരുദ്ധരിച്ച് ഇപ്പോഴുള്ള കുരിശ് സ്ഥാപിച്ചത് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരാണ്. കുരിശ് തകര്‍ത്തശേഷം മരക്കുരിശ് സ്ഥാപിച്ചതുമായി ബന്ധമില്ല. ഇതിന്റെ പേരില്‍ അറസ്റ്റിലായവര്‍ തങ്ങളുടെ സമൂഹത്തിലുള്ളവരാണ്. പഞ്ചായത്തംഗത്തെ കാണാന്‍ പോയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചുവെന്ന കുറ്റംചുമത്തി ടോമി സഖറിയയെ കുറ്റവാളിയാക്കാന്‍ ഉദ്യോഗസ്ഥര്‍ പൊലിസിനെ ഉപയോഗിക്കുകയാണ്. കുരിശ് സ്ഥാപിച്ച ഭൂമിക്ക് ഇതുവരെ പട്ടയം കിട്ടിയിട്ടില്ല. ഇതിനായി മരിയ സൂസ 1994ലും പിന്നീട് 2004ലും അപേക്ഷ നല്‍കിയിരുന്നു.
നാലടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് കുരിശ് പണിതതിനെത്തുടര്‍ന്ന് ധാരാളം വിശ്വാസികള്‍ ഇവിടെയെത്തിയിരുന്നു. പിന്നീടാണ് ഇവിടം പ്രാര്‍ഥനാ കേന്ദ്രമായത്. കുരിശ് പൊളിച്ചുമാറ്റാന്‍ തഹസില്‍ദാര്‍ നോട്ടിസ് നല്‍കിയിരുന്നില്ല. കുരിശിന്റെ ചുവട്ടില്‍ സ്ഥാപിച്ച നോട്ടിസിന് മരിയ സൂസ മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ 23വര്‍ഷമായി മരിയ സൂസയുടെ കൈവശമുള്ള ഭൂമിയാണിതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഒഴുപ്പിക്കാനെത്തിയപ്പോള്‍ വാഹനമിട്ട് റോഡ് തടഞ്ഞുവെന്നത് കള്ളമാണ്.
പാപ്പാത്തിചോലയിലേക്ക് വാഹനങ്ങള്‍ക്ക് കയറാനാവില്ല. ടോം സഖറിയ ഒളിവിലാണെന്നതും നുണപ്രചാരണമാണ്. യു.കെയിലുള്ള മകനെ കാണാനാണ് അദ്ദേഹം പോയതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുംബൈ കോ-ഓര്‍ഡിനേറ്റര്‍ പി.സി ജോണ്‍, പി.ടി.ബാബു, എം.പി മാത്യു, വി.ജി വിന്‍സന്റ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."