ഒഴുക്ക് നിലച്ച് വോള്‍ഗ
2018 ലോകകപ്പിന്റെ ആവേശവും വഹിച്ച് ജൂണ്‍ 14 മുതല്‍ മോസ്‌കോയുടെ ഹൃദയത്തിലൂടെ ഒഴുകിയ വോള്‍ഗയിലിപ്പോള്‍ കണ്ണീരിന്റെ ഉപ്പുരസമാണ്. തുടക്കം മുതല്‍ റഷ്യന്‍ വിജയങ്ങളുടെ കരപിടിച്ച് ശാന്തമായൊഴുകിയിരുന്ന വോള്‍ഗയുടെ ഒഴുക്ക് നിലച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തെ സോച്ചിയിലെ ഫിഷ്റ്റ് സ്റ്റേഡിയത്തില്‍ ക്രായേഷ്യ എന്ന ചെറുരാഷ്ട്രം പെനാല്‍ട്ടി ഷൂട്ട് ഔട്ടിലൂടെ പുറത്താക്കുമ്പോള്‍ രചിക്കപ്പെട്ടത് ക്ലാസിക്ക് ഫുട്‌ബോളിന്റെ മറ്റൊരു കാവ്യമാണ്.
ഫുട്‌ബോളെന്ന വികാരത്തിന്റെ ക്ലാസിക് ത്രില്ലറായിരുന്നു ലോകകപ്പിലെ റഷ്യ.
കഴിഞ്ഞ ദിവസം ക്രൊയേഷ്യ-റഷ്യ മത്സരം കണ്ടിരുന്നവരാരും ആഗ്രഹിച്ചിട്ടുണ്ടാവില്ല ഇങ്ങനൊരു വിധി. ചില മത്സരങ്ങള്‍ കണ്ടാല്‍ അങ്ങനെയാണ്. തോല്‍വി അനിവാര്യമെങ്കിലും ഇരുടീമുകളും തോല്‍ക്കരുതെന്ന് ഒരിക്കലെങ്കിലും ഫുട്‌ബോള്‍ ആരാധകര്‍ ആഗ്രഹിച്ചു പോകും.
റഷ്യ ജയിക്കുകയാണെങ്കില്‍ ഫിഫ റാങ്കിങ്ങില്‍ 70ാം സ്ഥാനത്ത് നില്‍ക്കുന്ന റഷ്യ ആദ്യമായി സെമി ഫൈനലിലെത്തുകയെന്ന നേട്ടവും സ്വന്തമാക്കും. ഇതു കേള്‍ക്കുമ്പോ, കാണുമ്പോ ഫുട്‌ബോള്‍ ആസ്വാദകര്‍ ആരും ആഗ്രഹിച്ചു പോകും ഇരു ടീമുകളുടെയും ആഗ്രഹം സഫലമാകണേ എന്ന്. കാരണം ഇരു ടീമുകള്‍ക്കും എതിരാളികളോ ഹേറ്റോഴ്‌സോ ഇല്ല. ഇരു ടീമുകളും മികച്ച ഫുട്‌ബോള്‍ കളിച്ചിട്ടായിരുന്നു ക്വാര്‍ട്ടര്‍ വരെ എത്തിയത്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ സഊദിയേയും ഈജിപ്തിനെയും തറപറ്റിച്ചു. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെ നാട്ടിലേക്കയച്ചു. ഫുട്‌ബോളില്‍ ചീത്തപ്പേരില്ലാത്ത റഷ്യയെ പിന്തുണക്കാന്‍ ഇതൊക്കെ മതി. 80,000 വരുന്ന നാട്ടുകാരുടെ മുന്നില്‍ 120 മിനുട്ടും പോരാടിയ റഷ്യയെ പരാജയപ്പെടാന്‍ ആരും കൊതിച്ചിരുന്നില്ല. പക്ഷെ വിധി അവരെ പുറത്താക്കി. റാക്കിട്ടിച്ചിന്റെ അവസാന പെനാല്‍റ്റി കിക്ക് റഷ്യന്‍ വലയിലെത്തിയപ്പോള്‍ ഫിഷ്റ്റ് സ്റ്റേഡിയത്തിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകി.
വോള്‍ഗയില്‍ കണ്ണീരുപ്പിന്റെ രുചി കലര്‍ന്നു. സ്‌പെയിനുമായി ജയിച്ചപ്പോള്‍ മൂന്ന് ദിവസം നീണ്ടു നിന്നിരുന്നു ആഘോഷം. പക്ഷെ കഴിഞ്ഞ ദിവസത്തെ തോല്‍വി റഷ്യന്‍ ജനതയെ എന്നും വേട്ടയാടും. സ്വന്തം നാട്ടിലില്ലെങ്കില്‍ ഇനിയൊരിക്കലും ഇത്തരം സന്ദര്‍ഭത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ട.
മോസ്‌കോയുടെ സൂര്യ കാന്തിയുള്ള തെരുവുകളില്‍ ഇപ്പോള്‍ കണ്ണീര്‍ മാത്രം. പരസ്പരം ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. അത്രമേല്‍ ആഗ്രഹിച്ചിരുന്നു റഷ്യ സെമി ഫൈനലിലെത്താന്‍. പലപ്പോഴും ദൈവവും റഷ്യക്കൊപ്പം നിന്നു. ആദ്യ ഗോള്‍ നേടിയപ്പോള്‍ റഷ്യ മതിമറന്നാഹ്ലാദിച്ചു. പിന്നാലെ ക്രൊയേഷ്യയുടെ സമനില ഗോള്‍ പിറന്നു. പിന്നീട് ക്രൊയേഷ്യ ലീഡ് നേടി. അതു കൊണ്ടൊന്നും റഷ്യ തളര്‍ന്നില്ല. 115-ാം മിനുട്ടില്‍ മാരിയോ ഫെര്‍ണാണ്ടസ് ഗോള്‍ തിരിച്ചടിച്ച് റഷ്യക്ക് പുതു ജീവന്‍ നല്‍കി. പക്ഷെ അതേ മാരിയോ തന്നെ റഷ്യയുടെ ജീവനെ മൈതാന മധ്യത്തിലിട്ട് തല്ലിക്കൊന്നു. പെനാല്‍റ്റി ബോക്‌സിലെത്തിയാല്‍ ഏതു വലിയ താരമായാലും ബ്ലൈന്‍ഡ് ആണെന്ന സമവാക്യം മാരിയോക്ക് മേല്‍ വട്ടമിട്ട് പറന്നു.
ക്രൊയേഷ്യയെക്കുറിച്ചും കളി കണ്ടവര്‍ മറ്റൊന്നും ആഗ്രഹിച്ചില്ല. എന്തെങ്കിലും കാണിച്ച് ജയിച്ചിരുന്നെങ്കില്‍. കാരണം അത്ര നല്ല ഫുട്‌ബോള്‍ കളിച്ചിട്ടായിരുന്നു മോഡ്രിച്ചും സംഘവും ക്വാര്‍ട്ടര്‍ വരെ എത്തിയത്. കരുത്തരായ അര്‍ജന്റീനയെ, നൈജീരിയയെ, ഐസ്‌ലന്റിനെ, ഡെന്‍മാര്‍ക്കിനെ എല്ലാവരേയും ആധികാരികമായി തോല്‍പിച്ചായിരുന്നു ക്വാര്‍ട്ടറിലെത്തിയത്. സെമിയും കപ്പും ക്രൊയേഷ്യ അര്‍ഹിച്ചതാണെന്ന് പലപ്പോഴും തോന്നിപ്പോയിരുന്നു.
റഷ്യയുമായുള്ള മത്സരത്തില്‍ റാക്കിട്ടിച്ചും മോഡ്രിച്ചും അധ്വാനിക്കുന്നത് കണ്ടപ്പോ ആര്‍ക്കായാലും തോന്നിപ്പോകും ഒന്ന് ജയിച്ചിരുന്നെങ്കില്‍. 115 മിനുട്ട് വരെ ജയിച്ച് നിന്നിരുന്ന ടീമിന്റെ ഇടിത്തീയായി റഷ്യയുടെ സമനില ഗോള്‍ പിറന്നു. എന്നിട്ടും ക്രോട്ട് സംഘം തളര്‍ന്നില്ല. 120മത്തെ മിനുട്ടിലും മുന്നില്‍ നിന്ന് നയിച്ചിരുന്ന നായകന്‍ മോഡ്രിച്ച് കളിയുടെ ഒന്നാം മിനുട്ടിലേത് പോലെ ഓടിക്കളിച്ചു. മുന്നേറ്റ താരം മാന്‍സൂക്കിച്ച്, ഗോള്‍ കീപ്പര്‍ സുബാസിച്ച് എന്നിവര്‍ തളര്‍ന്നപ്പോഴും തളരാത്ത പരാളികളായി മോഡ്രിച്ചും റാക്കിട്ടിച്ചും മൈതാനം വാണു കളിച്ചു.
ഇതു കണ്ടപ്പോഴെക്കോ ആഗ്രഹിച്ചു ഈ സെമി ഫൈനല്‍ ക്രൊയേഷ്യ അര്‍ഹിച്ചതായിരുന്നെ്. പക്ഷെ എതിരില്‍ നില്‍ക്കുന്ന റഷ്യയെ തോല്‍പിക്കുകയെന്ന സങ്കടം വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കും. 2018 ലോകകപ്പിലെ ഏറ്റവും മികച്ച ത്രില്ലര്‍ ടീമായിരുന്നു റഷ്യയെ നഷ്ടപ്പെടാന്‍ ആരു ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അതാണ് ഫുട്‌ബോളിലെ കാവ്യ നീതി. ഒരാളെ പുറത്താക്കിയേ തീരു. അത് സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി, റഷ്യക്കാര്‍ സ്വന്തം നാട്ടിലെ ഫിഷ്റ്റ് സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് സ്വന്തം സ്വപ്‌നങ്ങളെ അടക്കം ചെയ്ത് മടങ്ങിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."