രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പത്രിക നല്‍കി
കാസര്‍കോട്: യു.ഡി.എഫ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉണ്ണിത്താന്‍ വരണാധികാരിയായ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് പത്രിക സമര്‍പ്പിച്ചത്.
മൂന്നുസെറ്റ് പത്രികകളാണ് നല്‍കിയത്. പെരിയ കല്ല്യോട്ടെ അമ്മമാരാണ് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, യു.ഡി.എഫ് ജില്ലാ ചെയര്‍മാനും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍ എന്നിവരും ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.
രാവിലെ മധൂര്‍ സിദ്ധി വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം നായന്മാര്‍മൂലയിലെ യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്ത ഉണ്ണിത്താന്‍ യു.ഡി.എഫിന്റെയും മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളുടെയും നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ അനുഗ്രഹം വാങ്ങിയ ശേഷം ഡി.സി.സി ഓഫിസിലെത്തി. തുടര്‍ന്ന് പ്രകടനമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ കലക്ടറേറ്റ് കവാടത്തിലേക്ക് ആനയിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറിമാരായ ജി. രതികുമാര്‍, കെ. നീലകണ്ഠന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉള്‍പ്പെടെ സംബന്ധിച്ചു.
ഉണ്ണിത്താനും ഭാര്യക്കും കൂടി 2.15 കോടിയുടെ ആസ്തി
കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും കുടുംബത്തിനുമായി 2.15 കോടിയുടെ ആസ്തി. സ്വന്തമായി വാഹനമില്ല. ഭാര്യ എസ്. സുധാകുമാരിയുടെ പേരില്‍ ഒരു കാറുണ്ട്. ഇതിനുപുറമെ 25 ലക്ഷം വിലമതിക്കുന്ന 100 പവന്‍ സ്വര്‍ണാഭരണങ്ങളും സുധാകുമാരിക്കുണ്ട്. സ്വര്‍ണം, വാഹനം, ബാങ്ക് നിക്ഷേപം എന്നിവയിലായി 37,433,13 രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുണ്ട്.
6,80,000 രൂപ വിലയുള്ള ഭൂമി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരിലും 1.5 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഭാര്യയുടെ പേരിലുമുണ്ട്.
കെ.പി ശശികല നല്‍കിയ അപകീര്‍ത്തി കേസില്‍ രണ്ടാം പ്രതിയായി ഒരു കേസല്ലാതെ മറ്റു കേസുകളൊന്നും തന്റെ പേരില്‍ ഇല്ലെന്ന സത്യപ്രസ്താവനയാണ് ഉണ്ണിത്താന്‍ നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."