പ്ലാസ്റ്റിക് നിരോധനം: കാളികാവില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
കാളികാവ്: കാളികാവിലേയും പരിസര പ്രദേശങ്ങളിലേയും കടകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായിട്ടാണ് നടപടി. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് പരിശോധന നടത്തിയത്. കാളികാവ്, ചോക്കാട്, വണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
ചില കടകളില്‍ നിന്ന് നിരോധിത ഉല്പന്നങ്ങള് കണ്ടെടുത്തിട്ടുണ്ട്. ഭൂരിഭാഗം കടകളിലും 50 മൈക്രോണിനു മുകളിലുള്ള കവറുകള്‍ ഉപയോഗിച്ചാണ് സാധനങ്ങള്‍ പൊതിയുന്നത്. ഗ്രാമ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് നിരോധന പരിപാടി ഫലപ്രദമാകുന്നുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതര്‍ പറഞ്ഞു. കാളികാവ് ജങ്ഷന്, അങ്ങാടി, പുറ്റമണ്ണ, പള്ളിശ്ശേരി, അഞ്ചച്ചവിടി, മുച്ചിക്കല്‍, കറുത്തേനി, പൂങ്ങോട് എന്നിവിടങ്ങളിലെ മുഴുവന്‍ കടകളിലും ശനിയാഴ്ച പരിശോധന നടത്തി. നിരോധിത ഉത്പന്നങ്ങള്‍ കണ്ടെടുത്ത കടകള്‍ക്ക് ആദ്യ ശിക്ഷാ നടപടിയായി താക്കീത് നല്‍കിയതിന് പുറമെ തുടര്‍ന്നും നിരോധിത ഉല്പന്നങ്ങള് ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കാളികാവ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍, ഗ്രാമപഞ്ചായത്ത് അംഗമായ ഇമ്പിച്ചി ബീവി തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."